തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതസ്പർധയും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തിലുള്ള വ്യാജ വാർത്തകൾ, പ്രസംഗങ്ങൾ എന്നിവയ്ക്കെതിരെ പരാതി വന്നാൽ കേസെടുക്കുമെന്ന് പോലീസ്. കൂടാതെ സോഷ്യൽ മീഡിയ വഴി മതസ്പർധയും വിഭാഗീയതയും വളർത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ സംസ്ഥാനത്ത് പതിനെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസെടുക്കാൻ സർക്കിൾ ഇൻസ്പെക്ടർമാർക്ക് അനുമതി നൽകി കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
ഇത്തരം കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത് സൈബർ പോലീസ് സ്റ്റേഷൻ മുഖേനയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കേസെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർമാർക്ക്്് അധികാരം നൽകി.