തൃശൂർ: കായികമേഖലയുടെ സമഗ്രവളർച്ച ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തുകള ഏകോപിപ്പിച്ച് സ്പോർട്സ് ഹബ് രൂപീകരിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമാടിസ്ഥാനത്തിലുള്ള കായിക വളർച്ചയും മികച്ച മത്സരങ്ങൾ നടത്താൻ കഴിയുന്ന നിലവാരത്തിലുള്ള അത്യാധുനിക വേദികളുമാണ് സ്പോർട്സ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.കുന്നംകുളം നഗരസഭയും എരുമപ്പെട്ടി, കൈപ്പറന്പ്, കണ്ടാണശേരി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സ്പോർട്സ് ഹബ്.
നിലവിലുള്ള സ്റ്റേഡിയത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്താതെ ആധുനിക സാങ്കേതികരീതിയിലൂടെ പുനർനിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ പുനർനിർമാണത്തിനു 1.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പുനർനിർമാണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം സുരേഷ് ബാബു, കൈപ്പറന്പ് ഗ്രാമപഞ്ചായത്തംഗം ഓമന രമണൻ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം എം.ആർ. രഞ്ജിത്ത്, സംസ്ഥാന സ്പോർട് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മെന്പർ ടി.ഐ. മനോജ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് വിൻസന്റ് കാട്ടൂക്കാരൻ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം എ.എസ്. കുട്ടി, കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ എന്നിവർ പ്രസംഗിച്ചു.