വാസുപുരം: വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാസുപുരം മുപ്ലിയം റോഡിൽ അപകടം പതിയിരിക്കുന്നു. ഈ റോഡിലെ കുഞ്ഞക്കര പാലത്തിനു സമീപം വലിയ തോടിനോടുചർന്നുള്ള ഭാഗത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് യാത്രക്കാരുടെ ജീവന് അപകടഭീഷണി ഉയർത്തുന്നത്.
വരന്തരപ്പിള്ളി പഞ്ചായത്തിലെ ചമ്മിനി ഡാം, വേലൂപ്പാടം, കൽക്കുഴി, മുപ്ലിയം, ഇഞ്ചക്കുണ്ട്, വെള്ളാരംപാടം പ്രദേശങ്ങളിലുള്ളവർ കൊടകര ദേശീയപാതയിലേക്കെത്താൻ ആശ്രയിക്കുന്ന എളുപ്പവഴികൂടിയാണ് മുപ്ലിയം പുളിഞ്ചോട് വാസുപുരം റോഡ്. നേരത്തെ കുണ്ടും കുഴിയും നിറഞ്ഞുകിടന്നിരുന്ന റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഇരുപഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന കുഞ്ഞക്കര പാലത്തിനു സമീപം വഴിവിളക്കും സംരക്ഷണിത്തിയും ഇല്ലാത്തത് ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു.
ഈ ഭാഗത്ത് മൂന്നൂറു മീറ്ററിലേറെ നീളത്തിൽ റോഡിനോടു ചേർന്നാണ് കുറുമാലിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളിക്കുളം വലിയ തോട് ഒഴുകുന്നത്. തോട്്് പുഴയിൽ ചേരുന്ന വാസുപുരം കടവിന് അരകിലോമീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്ത് തോടിന് ആഴം കൂടുതലാണ്. റോഡരുകിൽ സുരക്ഷാഭിത്തിയില്ലാത്തതിനാൽ കാൽനടക്കാരും വാഹനങ്ങളും എപ്പോൾ വേണമെങ്കിലും തോട്ടിലേക്ക് വീഴാം.
രണ്ടുവർഷം മുന്പ് ബൈക്ക് യാത്രകാരൻ ഇവിടെ തോട്ടിൽ വീണു മരിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് റോഡിന് വളവും വഴിവിളക്കില്ലാത്തതും ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. സംരക്ഷണിത്തിയും റെയിൽ ഗാർഡും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.