ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം മണ്ണന്പറ്റ എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന മധ്യവയസ്ക്കയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് വിയ്യക്കുറുശ്ശി കൂമഞ്ചേരി വീട്ടിൽ ഹബീബ് റഹ്മാൻ (31) ആണ് അറസ്റ്റിലായത്.
മഞ്ചേരിയിലെ ജോലി ചെയ്യുന്ന ടയർ കടയിൽ നിന്നാണ് ഡി.വൈ.എസ്.പി എൻ.മുരളീധരൻ, എസ്.ഐ ശ്രീനിവാസൻ,എ.എസ്.ഐ മുരളീധരൻ, ചന്ദ്രമോഹനൻ, ശങ്കർ, രമേശ് എന്നിവരടങ്ങുന്ന സംഘം ഹബീബ് റഹ്മാനെ പിടികൂടിയത്.വാട്ടുപാറ വീട്ടിൽ ഫാത്തിമ(50) യാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ വീടിനുള്ളിൽ കഴുത്തിനും,തലക്കും വെട്ടേറ്റ നിലയിൽ കണ്ടത്.
ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി എന്നിവ പൊലീസിന് വീടിനുള്ളിൽ നിന്നും സമീപത്തെ പറന്പിൽ നിന്നും കണ്ടെടുത്തു. ബന്ധുവായ സലീം അന്വേഷിച്ചു വന്നപ്പോഴാണ് ഫാത്തിമയെ വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവസ്ഥ തരണം ചെയ്ത ഫാത്തിമ സുഖം പ്രാപിച്ചു വരുന്നു
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ. ആക്രമിക്കപ്പെട്ട ഫാത്തിമ തച്ചനാട്ടുകര പഞ്ചായത്തിലെ പാലോട് സ്വദേശിയാണ്. ഹബീബ് റഹ്മാൻ പാലോട് പലചരക്ക് കട നടത്തിയിരുന്നു. ആ സമയത്ത് ഇരുവരും പരിചയത്തിലായിരുന്നു. പിന്നീട് പാലോട് നിന്നും ശ്രീകൃഷ്ണപുരത്തേക്ക് താമസം മാറിയ ഫാത്തിമയെ കാണാൻ ഞായറാഴ്ച്ച രാത്രി ഹബീബ്റഹ്മാൻ എത്തി.
ഇരുവരും സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് ഹബീബ് റഹ്മാൻ വീട്ടിലുണ്ടായിരുന്ന കത്തിയും, മഴുവും ഉപയോഗിച്ച് ഫാത്തിമയുടെ കഴുത്തിനും, തലക്കും വെട്ടുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം വീട്ടിൽ മുളക്പൊടി വിതറി മഴു സമീപത്തെ കാട് പിടിച്ച പറന്പിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഫാത്തിമയുടെ ഫോണിലേക്ക് വന്ന കാൾ പരിശോധിച്ചാണ് ഹബീബ് റഹ്മാനെ പിടികൂടിയത്.ഹബീബ് റഹ്മാനെ ഇന്നലെ ഫാത്തിമയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.