കൊല്ലങ്കോട്: കോടികൾ ചെലവഴിച്ചു ആധുനികരീതിയിൽ രണ്ടുവർഷംമുന്പ് നിർമിച്ച ഉൗട്ടറ റെയിൽവേ സ്റ്റേഷൻ വിജനം. പുലർച്ചെ അഞ്ചിനും രാത്രി എട്ടരയ്ക്കുമിടയ്ക്ക് ഇതുവഴി ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഇവിടേയ്ക്കു എത്തിനോക്കുന്നില്ല.
മംഗലാപുരത്തുനിന്നും രാമേശ്വരത്തേക്കു എക്സ്പ്രസ് ട്രെയിൻ ഓടുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടിയായില്ല.മികച്ച രീതിയിലുള്ള റെയിൽവേ സ്റ്റേഷൻവഴി ട്രെയിനുകൾ ഇല്ലെങ്കിലും പകലും രാത്രിയിലും സംരക്ഷണജോലികൾ മുറപോലെ നടക്കുന്നുണ്ട്.
പാലക്കാട്- പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിനു അഞ്ഞൂറുകോടിയാണ് റെയിൽവേ ചെലവഴിച്ചത്. ലൈൻ പരിധിയിൽനിന്നും രണ്ടു എംപിമാരെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ട്രെയിനുകൾക്കായി മുറവിളികൂട്ടാൻ ആരുമില്ലെന്നതാണ് യാഥാർഥ്യം.
പാലക്കാടുനിന്നും മധുരവരെ ഒരു പാസഞ്ചർ സർവീസ് നടത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു നിവേദനം നല്കാൻ യാത്രക്കാരും വ്യാപാരികളും ശ്രമം തുടങ്ങി.