കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി. മരിച്ചതു ബിഹാർ സ്വദേശി നിഷ (28)യെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടാകുമെന്നാണു നിഗമനം.
ആത്മഹത്യയെന്നാണു കരുതുന്നതെങ്കിലും ദുരൂഹത നിലനിൽക്കുന്നതിനാൽ അസ്വാഭാവിക മരണത്തിനു കരിപ്പൂർ പോലീസ് കേസെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ ആയ ഉത്തർപ്രദേശ് സ്വദേശി താമസിക്കുന്ന കരിപ്പൂർ ഉണ്യാൽപറന്പിലെ ക്വാർട്ടേഴ്സിലാണു യുവതിയുടെ മൃതദേഹം കണ്ടത്.
കൊച്ചിയിൽനിന്ന് ഒരു വർഷം മുൻപാണു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ യുവതിയും താമസിക്കാറുണ്ട്. കഴിഞ്ഞ നാലിനു ശേഷം ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു. ഈ സമയം നിഷയും ക്വാർട്ടേഴ്സിൽനിന്നു പോയതായാണു വിവരം.
കരിപ്പൂരിലെ മുറിയിൽ തിരിച്ചെത്തി എന്നു കാണിച്ച് 17ന് യുവതി സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കു സന്ദേശം അയച്ചിട്ടുണ്ട്. 19നു വൈകിട്ട് ഉത്തർപ്രദേശിൽനിന്നു ഭാര്യയുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണു മൊഴി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.