‘ഈ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഈ നാടിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകണം…’ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന, ഇപ്പോള്‍ രാജ്യസഭാ എം.പി കൂടിയായ വി. മുരളീധരനാണ്. വര്‍ഷം 2015 ജൂലൈ. സംഭവമിതാണ്.
2015ല്‍ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്‌ലിം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. മാത്രവുമല്ല ഒരു ദിവസം ഹിജാബ് ധരിച്ചില്ലെന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്നു കൂടി ചീഫ് ജസ്റ്റിസ് എച്.എല്‍. ദത്തു കൂട്ടിച്ചേര്‍ത്തിരുന്നു.
സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിനെതിരാണെന്ന ശക്തമായ വിമര്‍ശനമാണ് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരനും ഉയര്‍ത്തിയത്. വിശ്വാസകാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നുവരെ ഇ.ടി മുഹമ്മദ് ബഷീര്‍ അന്ന് പറഞ്ഞിരുന്നു.
അതേസമയത്താണ്, ഇ.ടിയുടെയും സുധീരന്റെയും പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് വി. മുരളീധരന്‍ ആദ്യം പറഞ്ഞ പ്രസ്താവന നടത്തിയത്.
‘ഇന്ത്യന്‍ ഭരണഘടനയെയും സുപ്രീം കോടതിയെയും മുസ്‌ലിം ലീഗ് വെല്ലുവിളിക്കുകയാണ്. നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കില്‍ ഈ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകണം..’
ഇപ്പോള്‍ അതേ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കില്ലെന്നും വിശ്വാസത്തില്‍ കോടതി ഇടപെടരുതെന്നും ആവശ്യപ്പെട്ട് വി. മുരളീധരനും അനുയായികള്‍ക്കൊപ്പം ശബരിമലയിലെത്തിയിരിക്കുമ്പോള്‍ നേരത്തത്തെ അദ്ദേഹത്തിന്റെ പ്രസ്താവന തിരിഞ്ഞ് കൊത്തുകയാണ്.