2014 ല്‍ സമ്പത്ത് 2.02 ലക്ഷമെങ്കില്‍ നിലവില്‍ ആസ്തി കോടികള്‍! തെലുങ്കാനയിലെ ബിജെപി എംഎല്‍എയുടെ സ്വത്ത് വര്‍ധനവില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അമ്പരപ്പ്

അധികാരത്തിലേറിയ ശേഷമുള്ള നേതാക്കളുടെ വരുമാന വര്‍ധനവ് പലപ്പോഴും ഞെട്ടിക്കുന്നതാണ്. സമാനമായ രീതിയില്‍ വെറും നാലു വര്‍ഷം കൊണ്ട് ഒരു ബിജെപി എംഎല്‍എ നേടിയ സമ്പത്താണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തെലങ്കാനയിലെ ഏക ബിജെപി എംഎല്‍എയായ രാജസിംഗാണ് വാര്‍ത്തയിലെ താരം.

സമ്പത്തില്‍ നാല് വര്‍ഷം കൊണ്ട് അതിവര്‍ധനവ് ഉണ്ടാക്കി ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാനയിലെ ബിജെപി എംഎല്‍എ ആയ രാജസിങ്. നിരവധി വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏറെ കുപ്രസിദ്ധനായ വ്യക്തിയാണ് രാജാ സിങ്. എന്നാല്‍ പ്രസംഗങ്ങള്‍ക്കൊപ്പം സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നെന്ന് വേണം മനസിലാക്കാനെന്ന് ഇപ്പോഴാണ് ജനങ്ങള്‍ക്ക് മനസിലാവുന്നതെന്ന് മാത്രം.

നമ്മള്‍ അദ്ദേഹം ഉണ്ടാക്കി വച്ച വിവാദങ്ങളില്‍ കടിച്ച് തൂങ്ങിയപ്പോള്‍ അദ്ദേഹം ആ ഗ്യാപ്പില്‍ സ്വന്തം കാര്യം സുരക്ഷിതമാക്കി എന്നുവേണം കരുതാന്‍ എന്ന് ജനങ്ങള്‍ അടക്കം പറയുന്നുമുണ്ട്. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 2.02 ലക്ഷം രൂപയുടെ സ്വത്താണ് രാജാ സിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നല്‍കിയ രേഖകള്‍ പ്രകാരം 2.87 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രാജാസിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

പണമായും വാഹനമായും ആഭരണങ്ങളായും കെട്ടിടങ്ങളായും രാജാസിങിന്റെ സ്വത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് അതിശയജനകമാണ്. 1.83 കോടി രൂപ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്. രാജാസിങ് ഈ കാലയളവില്‍ സുല്‍ത്താന്‍ ബസാറില്‍ വാങ്ങിയ കെട്ടിടത്തിന്റെ മൂല്യം രണ്ട് കോടിയിലധികം രൂപയാണ്.

എങ്കിലും ഈ സമ്പത്ത് എങ്ങനെ ഉണ്ടാക്കിയെന്നതിന് വിശദീകരണമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. രാജാ സിങ് നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പണം ലഭിക്കുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ഇതേ കാലഘട്ടം കൊണ്ട് രാജാസിംഗിന്റെ പേരിലുള്ള കേസുകളും ഇരട്ടിച്ചിരിക്കുകയാണ്.

Related posts