ചാലക്കുടി: പ്രളയദുരിതബാധിതർക്ക് സിവിൽ സപ്ലൈസ് മുഖേന വിതരണം ചെയ്യുന്ന കിറ്റിൽ ഭക്ഷ്യവസ്തുക്കൾക്കു പകരം സോപ്പ്, ചീപ്പ്, കണ്ണാടി. സിവിൽ സപ്ലൈസിന്റെ ലാഭം സൂപ്പർ മാർക്കറ്റിൽ കിറ്റ് വാങ്ങാൻ ചെന്നവർക്ക് ലഭിച്ച കിറ്റിലാണ് ഭക്ഷ്യവസ്തുക്കൾക്കു പകരം ലോക്കൽ മെയ്ഡ് സാധനങ്ങൾ ലഭിച്ചത്.
ഓരോ കിറ്റിലും 500 രൂപയുടെ സാധനങ്ങളാണ് നൽകേണ്ടത്. ചാലക്കുടി സ്വദേശി സേതുമാധവന് ലഭിച്ച കിറ്റ് തുറന്നു നോക്കിയപ്പോൾ പയറും, വെളിച്ചെണ്ണയും മാത്രം. പിന്നെ ആവശ്യമില്ലാത്ത സാധനങ്ങൾ. എന്താണിതെന്ന് ചോദിച്ചപ്പോൾ 500 രൂപയുടെ സാധനങ്ങൾ ഉണ്ടെന്നായിരുന്നു മറുപടി.
ഭക്ഷ്യവസ്തുക്കൾ നല്കാനാണ് സർക്കാർ പറഞ്ഞിരിക്കുന്നതെന്ന് ഓർമിപ്പിച്ചപ്പോൾ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്ക് തീർന്നു പകരം സാധനങ്ങളാണ് കിറ്റിലെന്നായി ലാഭം മാർക്കറ്റിലെ ഉദ്യോഗസ്ഥർ. എന്തായാലും സേതുമാധവൻ കിറ്റ് തിരികെ നൽകി. ഭക്ഷ്യവസ്തുക്കൾ ഉണ്ടെങ്കിൽ തന്നാൽ മതിയെന്ന് പറഞ്ഞാണ് കിറ്റ് നൽകിയത്.
എന്നാൽ ഭക്ഷ്യവസ്തുക്കളാണ് നൽകിയിരുന്നതെന്നും സ്റ്റോക്ക് തീർന്നപ്പോഴാണ് ഭക്ഷ്യവസ്തുക്കൾക്കു പകരം മറ്റു സാധനങ്ങൾ നൽകിയതെന്നും സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും അടുത്തദിവസം മുതൽ ഭക്ഷ്യവസ്തുക്കൾ തന്നെ നല്കുമെന്നും അധികൃതർ അറിയിച്ചു.