വടക്കഞ്ചേരി: ഇറിഗേഷൻ കനാൽവിഭാഗം അധികൃതരുടെ അറിവോടെ സബ് കനാലുകളും കനാൽ പുറന്പോക്കുകളും വ്യാപകതോതിൽ കൈയേറുന്നതായി പരാതി. മറ്റു സ്ഥലങ്ങളിൽ വീടും സ്ഥലവുമുള്ളവരും കനാൽ പുറന്പോക്ക് ഭൂമി കൈയേറി സ്വന്തമാക്കുന്നുണ്ട്.
കഴിഞ്ഞദിവസം മംഗലത്ത് കനാൽ പുറന്പോക്ക് കൈയേറി ഷെഡ്് കെട്ടിയെന്ന പരാതിയിൽ കനാൽവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
പൊതുമുതൽ കൊള്ളയടിക്കപ്പെടുന്പോഴും നടപടിയെടുക്കേണ്ട അധികൃതർ എല്ലാംകണ്ടും മൗനം നടിക്കുന്നതിനു പിന്നിൽ വൻഅഴിമതി നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
കിഴക്കഞ്ചേരി കൊഴുക്കുള്ളിയിൽ കനാൽനികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമിച്ചെന്ന പരാതി ഉയർന്നപ്പോൾ കൈയേറിയ കനാൽഭാഗം കണ്ടുപിടിക്കാൻ തന്നെ അധികൃതർ ഒരുവർഷമെടുത്തു. എന്നിട്ടും ഉന്നതാധികാരികൾ ഈവിവരം അറിഞ്ഞില്ല.
എന്നാൽ ഈ കനാലുകളിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പണികൾ മുറയ്ക്കു നടക്കുന്നുണ്ട്. പരാതികൾക്ക് താഴെതട്ടിൽ തന്നെ തീർപ്പുണ്ടാക്കുന്ന അഡ്ജസ്റ്റ്മെന്റുകളും തകൃതിയാണ്.മംഗലം ഫയർസ്റ്റേഷനുസമീപത്തെ കനാൽ പുറന്പോക്കുകൾ കൈയേറി വില്പന നടക്കുന്നതായും പറയുന്നു. ഇവിടെ വർഷങ്ങളായി കനാൽ ഉപയോഗശൂന്യമാണ്.
മഴക്കാലങ്ങളിൽ കൊതുകുകൾക്ക് പെരുകാനുള്ള താവളമാകുകയാണ് ഇത്തരം കനാലുകൾ. മംഗലംഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിൽ ഇപ്പോൾ നെൽകൃഷി അറുപതുശതമാനമായി കുറഞ്ഞു. റിസർവോയറിൽ പഴയ കണക്കിൽ ജലസംഭരണം നടക്കുന്നുണ്ടെങ്കിലും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നില്ല്രതേ.
കനാലുകളിലെ സ്ലൂയീസുകളെല്ലാം തകർന്നുകിടക്കുന്നതിനാൽ ഡാമിന്റെ തുടക്കത്തിലുള്ള പാടശേഖരങ്ങൾക്ക് മാത്രമേ വെള്ളം ലഭിക്കൂ. സ്ലൂയിസുകളുടെ ചോർച്ച മറികടന്നുവേണം കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളമെത്താൻ. ഇതിനാൽ വാലറ്റങ്ങളിലെ നെൽകൃഷി എല്ലാവർഷവും ഉണങ്ങിനശിക്കുന്ന സ്ഥിതിയാണ്. ഇതിനുപുറമേയാണ് കനാലുകളും കനാൽ പുറന്പോക്കുകളും കൈയേറി സ്വന്തമാക്കുന്ന സ്ഥിതിയുള്ളത്.