തളിപ്പറമ്പ്: പഞ്ചായത്ത് പ്രസിഡന്റിന് തപാലിൽ സ്ഫോടക വസ്തുവും ഒപ്പം വധ ഭീഷണിക്കത്തും. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണനാണ് ഭീഷണിക്കത്തും അതോടൊപ്പം സ്ഫോടക വസ്തുവായ ഡിറ്റണേറ്ററും തപാല്‍ വഴി ലഭിച്ചത്.
കോട്ടുപുറം കടവില്‍ നിന്നും തോണിയില്‍ പൂഴി വാരുന്നതിന് പ്രസിഡന്റ് കമ്മീഷന് പറ്റുന്നുണ്ടെന്നാണ് നോട്ട് ബുക്കില്‍ നിന്നും ചീന്തിയെടുത്ത് എഴുതിയ കടലാസില്‍ കുറിച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമാണ് കത്തില്‍ പറയുന്നത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.