തനിക്കെതിരെ വീണ്ടും വീണ്ടും കേസ് വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്! പക്ഷേ എന്തൊക്കെയായാലും താന്‍ നെഞ്ചുവേദന അഭിനയിക്കില്ല; കെ. സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കയാണെന്നും ഇതിനു പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്. തനിക്കെതിരായി വീണ്ടും വീണ്ടും കേസുകള്‍ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെ മുഖ്യലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാമെന്നു ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ഇതിലൂടെയൊന്നും തന്നെ തകര്‍ക്കാമെന്ന് ആരും ധരിക്കരുത്. ഇനിയും ആചാര സംരക്ഷണത്തിനായി തന്നെ നിലകൊള്ളും- അദ്ദേഹം പറഞ്ഞു.

കേസുകളെ സധൈര്യം നേരിടുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ലെന്നും പരിഹസിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉന്നം വച്ചായിരുന്നു ഈ പരോക്ഷ പരിഹാസം.

മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞത്. പിന്നീട് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ശബരിമലയില്‍ 52 വയസുകാരിയെ തടഞ്ഞ സംഭവത്തില്‍ പോലീസ് വീണ്ടും സുരേന്ദ്രനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

അതിനിടെ, നേരത്തെ കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ നിലനില്‍ക്കുന്ന വാറണ്ട് കണ്ണൂര്‍ പോലീസ് കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചിരുന്നു. ഇതോടെ ഇനി ഈ രണ്ട് കേസുകളില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ സാധിക്കൂ.

Related posts