വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലാണ് എന്ന് പറഞ്ഞതുപോലെയാണ് പ്രണയത്തിന്റെ കാര്യമെടുത്താലും. ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ ചിലപ്പോള്‍ അത്രപോലും പ്രതീക്ഷിക്കാത്ത വ്യക്തിയോടായിരിക്കും പ്രണയം തോന്നുക, അല്ലെങ്കില്‍ പ്രണയത്തിലാവുക.
സമാനമായ രീതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിയുമായി പ്രണയത്തിലായി, അയാളെ തന്നെ വിവാഹം ചെയ്ത്, ഉത്തമ കുടുംബജീവിതം നയിച്ചു വരുന്ന വനിതയാണ് മിഷേല്‍ ഒബാമ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രിയ പത്നി. ബിക്കമിംഗ് എന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് മിഷേല്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അവരുടെ വാക്കുകള്‍ ഇങ്ങനെ…
ബറാക് ഒബാമയെ ആദ്യം കാണുമ്പോള്‍ അദ്ദേഹവുമായി അടുക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയതല്ല. ശരിക്കും ഉന്മേഷദായകമായിരുന്നു ഒബാമയുമായുള്ള ആദ്യ നിമിഷങ്ങള്‍. തികച്ചും അസാധാരണനായൊരാള്. കാഴ്ചയില്‍ ഒരു പ്രത്യേക സൗന്ദര്യം… പറയുന്നതു മറ്റാരുമല്ല. ഒബാമയുടെ പത്നിയും പിന്നീട് അമേരിക്കന്‍ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമ.
1989-ല്‍ ഷിക്കാഗോയിലെ സിഡ്നി ആന്‍ഡ് ഓസ്റ്റിന്‍ എന്ന നിയമകാര്യ സ്ഥാപനത്തിലെ ജോലിക്കിടെയാണ് മിഷേല്‍ ഒബാമയെ കാണുന്നത്. അവിടെ തന്റെ അസോസിയേറ്റാകാന്‍ ഒബാമ എത്തിയതുതന്നെ വൈകിയായിരുന്നു.
‘നല്ല നിശ്ചയദാര്‍ഢ്യവും മികച്ച പെരുമാറ്റവുമുള്ളൊരാള്. അത്രയേ അന്നു കരുതിയുള്ളൂ. അല്ലാതെ അദ്ദേഹവുമായി അടുക്കുന്നതിനെക്കുറിച്ചു മനസില്പോലും വന്നില്ല. പ്രത്യേകിച്ച് ഞാന്‍ അദ്ദേഹത്തിന്റെ മേലധികാരിയായ സ്ഥിതിക്ക്. ഒരു ദിവസം നോക്കുമ്പോള്‍, ഉച്ചഭക്ഷണത്തിനുശേഷം ഒബാമ സിഗരറ്റ് വലിച്ചുനില്ക്കുന്നു. മനസില്‍ എന്തെങ്കിലും അടുപ്പം ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അന്ന് അവിടെ തീരേണ്ടതായിരുന്നു.’- പെന്ഗ്വിന് പ്രസിദ്ധീകരിച്ച ‘ബിക്കമിങ്’ എന്ന തന്റെ ഒര്മക്കുറിപ്പില് മിഷേലിന്റെ വാക്കുകള്‍.
പിന്നീടൊരു ദിവസം പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്. നമുക്കൊന്നു പുറത്തുപോയാലോ എന്ന് ഒബാമ ചോദിച്ചു. താല്പര്യമില്ലെന്നു ഞാന്‍ മറുപടി നല്കി. കൂടെ ഒന്നുകൂടി ഓര്‍മിപ്പിച്ചു: ‘ഞാന്‍ നിങ്ങളുടെ ഉപദേഷ്ടാവാണ്’.
ഒരു ചിരിയായിരുന്നു ഒബാമയുടെ മറുപടി. ‘പക്ഷേ, ബോസ് ഒന്നുമല്ലല്ലോ’ എന്നൊരു തുടര്ചോദ്യവും. ഒപ്പം ഒരു കമന്‍ഡ് കൂടി അദ്ദേഹം തട്ടി. ‘പോരാത്തതിനു താനൊരു സുന്ദരിയും…’ പുസ്തകത്തില്‍ തന്റെ ദാമ്പത്യത്തിന്റെ തുടക്കത്തെക്കുറിച്ചും സഹോദരനുമൊത്തുള്ള ബാല്യകാല ജീവിതത്തെക്കുറിച്ചുമൊക്കെ മിഷേല്‍ വാചാലയാകുന്നുണ്ട്. രാഷ്ട്രീയത്തിലെത്തിയ ഒബാമയ്ക്കൊപ്പം തിരക്കുകളോടു മത്സരിച്ച് ഓടിത്തുടങ്ങിയതിനെക്കുറിച്ചും പുസ്തകത്തില്‍ മിഷേല്‍ വ്യക്തമാക്കുന്നുണ്ട്.