കൊളംബോ: ശ്രീലങ്കയിലെ മാന്നാർ പട്ടണത്തിൽ ഈ വർഷമാദ്യം കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ നിന്നു കണ്ടെടുത്തത് 230 മനുഷ്യാസ്ഥികൂടങ്ങൾ. എന്നാൽ ഇവർ ആരൊക്കെയാണെന്നോ എങ്ങനെയാണു മരിച്ചതെന്നോ വ്യക്തമല്ല. എൽടിടിഇയും ലങ്കൻസേനയുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന യുദ്ധമേഖലയിലാണിത്.
കഴിഞ്ഞ ഓഗസ്റ്റിൽ മന്നാറിലെ ബസ് സ്റ്റാൻഡിനു സമീപം സഹകരണ ഡിപ്പോയിൽ പുതിയ കെട്ടിടത്തിനു കുഴിയെടുക്കുമ്പോളാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് വിശദമായ അന്വേഷണത്തിനു കോടതി ഉത്തരവിടുകയായിരുന്നു. സെറാമിക്, ലോഹം, ആഭരണങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
1983 മുതൽ 2009 വരെ മാന്നാർ എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് ഇവിടെ നിന്നു നിരവധി പേരെയാണു കാണാതായത്. പ്രസിഡന്റായിരുന്ന മഹിന്ദ രാജപ ക്സെയുടെ നേതൃത്വത്തിൽ സൈന്യം യുദ്ധത്തിന്റെ അന്ത്യനാളുകളിൽ 40,000 തമിഴ് വംശജരെ കൊന്നൊടുക്കിയതായാണു മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.