ന്യൂഡൽഹി: ഭരണ കാലാവധി അവസാനിക്കാനിരിക്കേ നരേന്ദ്ര മോദി സർക്കാർ ഫെബ്രുവരി ഒന്നിന് പൂർണ ബജറ്റ് അവതരിപ്പിച്ചേക്കും. പൊതു തെരഞ്ഞെടുപ്പ് അടുത്ത വർഷം തന്നെ നടക്കാനിരിക്കേ ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ സർക്കാർ പൂർണ പൊതു ബജറ്റ് അവതരിപ്പിക്കുമെന്നാണു റിപ്പോർട്ട്.
ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയം കത്തയച്ചിട്ടുണ്ട്. വിവരങ്ങൾ ഈ മാസം മുപ്പതിനകം നല്‍കണം.
പൂർണ ബജറ്റ് അവതരിപ്പിക്കാൻ നീക്കമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തന്നെയാണ് വെളിപ്പെടുത്തുന്നത്. 2019 മേയിൽ ലോക്സഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സാധാരണ ഗതിയിൽ വോട്ട് ഓണ്‍ അക്കൗണ്ടിനാണ് സാധ്യതയുണ്ടായിരുന്നത്. എന്നാൽ, ഈ രീതി മറികടന്നാണ് മോദി സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ബജറ്റിന് മുൻപായി പതിവ് പോലെ സാന്പത്തിക സർവേയും അവതരിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുന്നതിനായി മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാന്റെ നേതൃത്വത്തിൽ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.