കോട്ടയം: വനിതകളെ എതിരിടാൻ കങ്ങഴയിലേക്ക് വന്നേക്കരുത് പണികിട്ടും. അടിച്ചാൽ തിരിച്ചടിക്കാനും തടയാനും പരിശീലനം ലഭിച്ച സ്ത്രീകളാണ് കങ്ങഴയിലേത്. കങ്ങഴ പഞ്ചായത്തിലെ മുഴുവൻ വനിതകളും സ്വയം പ്രതിരോധ പരിശീലനം നേടിയതിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനു മുന്നോടിയായി പരിശീലനം നേടിയ കുടുംബശ്രീ പരിശീലകർക്ക് യൂണിഫോം വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം സെൽഫ് ഡിഫൻസ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഭരണ വിഭാഗം ഡിവൈഎസ്പി വിനോദ് പിള്ള നിർവഹിച്ചു. പരിശീലകർക്കുള്ള യൂണിഫോം വിതരണം വാകത്താനം എസ്എച്ച്ഒ പി.വി മനോജ് കുമാർ നിർവഹിച്ചു.
ഗാമ പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. വനിതാ സെൽ ഇൻസ്പെക്ടർ എൻ.ഫിലോമിന സെൽഫ് ഡിഫൻസ് ട്രെയിനിംഗ് പദ്ധതി വിശദീകരിച്ചു. കറുകച്ചാൽ പോലീസ് സ്റ്റേഷൻ സിആർഒ ജോസഫ് ജോബ് പ്രസംഗിച്ചു.
യോഗത്തിൽ കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ, സാമുദായിക നേതാക്കൾ തുടങ്ങി 500 ഓളം ആളുകൾ പങ്കെടുത്തു