കോഴിക്കോട് : സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനു നേരെയുള്ള ബോബെറും ജില്ലാസെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. വടകര റൂറൽ പോലിസ് പരിധിയിലെ കുറ്റ്യാടി, നാദാപുരം സ്വദേശികളാണ് പ്രതികളെന്നാണറിയുന്നത് .
പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തിന് പിന്നിൽ ഗൂഡാലോചന നടത്തിയവരെ കൂടി കണ്ടെത്തേണ്ടതിനാൽ അറസ്റ്റ് ഇതുവരേയും രേഖപ്പെടുത്തിയിട്ടില്ല. അതീവ രഹസ്യമായാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം സൂക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവരുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.
ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ രണ്ടാംവാരമായിരുന്നു കണ്ണൂർ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന് സ്മാരകമന്ദിരത്തിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞത്.
തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കു ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഒന്നര വർഷത്തിന് ശേഷമാണ് പ്രതികളെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്.
പഴയ ബോംബേറ് കേസുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. പഴയ കേസുകളിലുൾപ്പെട്ട പ്രതികളുടെ ഫോൺ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താൻ സാധിച്ചത്. ശാസ്ത്രീയമായ രീതിയിൽ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്.
ആദ്യഘട്ടത്തിൽ അന്വേഷണം മത തീവ്രവാദ സംഘടനകളിലേക്കായിരുന്നു എത്തിയത്. നിർണായക ഘട്ടത്തിലെത്തിയപ്പോൾ ശാസ്ത്രീയ തെളിവുകൾ ലഭിച്ചില്ല. തുടർന്ന് മാസങ്ങളോളം പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രയത്നങ്ങളുടെ ഫലമാണ് യഥാർഥ പ്രതികളിൽ എത്തിചേർന്നത്.
അതേസമയം ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടംവഹിച്ചിരുന്ന സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു.സംഭവത്തിന് പിന്നിൽ സിപിഎം തന്നെയാണെന്ന് വരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നത്.
വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചോളം വകുപ്പുകളുള്‍പ്പെടെ ചുമത്തിയായിരുന്നു നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ സെക്രട്ടറി പി. മോഹനന് കാറില്‍ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത് . രണ്ടു സ്റ്റീല്‍ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് ബോംബേറില്‍ നിന്നു മോഹനന് രക്ഷപ്പെട്ടത്. സ്റ്റീല്‍ ബോംബുകളിലൊന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.