കാട്ടിക്കുളം: ഭർത്താവിന്റെ ദുരൂഹ മരണം അട്ടിമറിക്കാൻ ശ്രമമെന്ന് വീട്ടമ്മ. അന്വേഷിക്കാനെത്തിയ എസ്എച്ച്ഒ മൊഴി മാറ്റി എസ്പിക്ക് റിപ്പോർട്ട് നൽകിയതായും പരാതിക്കാരി ആലത്തൂർ കോളനിയിലെ ഉഷ ആരോപിച്ചു. ഭർത്താവ് ശശിയുടെ ദുരുഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 10നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫിന് പരാതി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു.
തിരുനെല്ലി സ്റ്റേഷനിലെ എസ്എച്ച്ഒ കോളനിയിലെത്തി ഉഷയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ എഴുത്തും വായനവും അറിയില്ലെന്നും അതിനാൽ പരാതി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണെന്നും ഭർത്താവിന്റെ മരണം മുങ്ങി മരണമല്ലെന്നും അന്വേഷണം വേണമെന്നും എസ്എച്ച്ഒ യോട് പറഞ്ഞതായി ഉഷയും മാതാവ് കളിയും പറഞ്ഞു.
എന്നാൽ ജില്ലാ പോലീസ് മേധാവിക്ക് തിരുനെല്ലി എസ്എച്ച്ഒ നൽകിയ റിപ്പോർട്ടിൽ പുറത്തുള്ള ആരോ പരാതി എഴുതി തയാറാക്കുകയും ഇതിൽ പരാതിക്കാരി ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.
മറ്റ് പരാതിയില്ലെന്നുമുള്ള അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ് എസ്പിക്ക് തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്ടറായ എസ്എച്ച്ഒനൽകിയതെന്നും പരാതിക്കാരി പറഞ്ഞു. ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുള്ളതായും ഇവർ പറയുന്നു.
പോലീസും എസ്റ്റേറ്റ് ഉടമയും ചില രാഷ്ട്രിയക്കാരും ചേർന്ന് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ഉഷ ആരോപിച്ചു. 2016 ഫെബ്രുവരി 26ന് വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റ് ഉടമയായ എളന്പിലാട്ട് കുട്ട്യാലി പുറത്ത് ഇ.കെ. അബ്ദുൾ ലത്തീഫ് വെള്ളാഞ്ചേരിയുടെ കാപ്പിതോട്ടത്തിൽ വെള്ളം പന്പ് ചെയ്യാൻ പോയ ഭർത്താവായ ശശിയുടെ മൃതദേഹം കുളത്തിൽ ദുരുഹസാഹചര്യത്തിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.