കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവച്ചാണ് മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി സ്ഥാനമേറ്റതെന്ന് ആരോപണം. എന്നാല്‍ ഈ രാജിക്കത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ പുറത്തുവിടാതിരിക്കുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് കുറ്റപ്പെടുത്തി. ബന്ധുവിനെ രാജി വയ്പ്പിച്ച് കോര്‍പറേഷനില്‍ സ്ഥിരം നിയമനം നടത്താനായിരുന്നു മന്ത്രിയുടെ ശ്രമമെന്നും ഫിറോസ് ആരോപിച്ചു.
മാത്രമല്ല അദീബിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1.10 ലക്ഷമായിരുന്നു ശമ്പളമെന്നും 86,000 രൂപയ്ക്ക് അദീബ് കോര്‍പറേഷനില്‍ ജോലിചെയ്യാന്‍ തയ്യാറാകുകയായിരുന്നുവെന്നുമുള്ള മന്ത്രിയുടെ വാദം കളവാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. അദീബിന്റെ ജൂലൈ മാസത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സാലറി സ്ളിപ്പില്‍ ഗ്രോസ് സാലറിയായി കാണിച്ചിരിക്കുന്നത് 85,664 രൂപയാണ്. ഇത് മറച്ചുവച്ച് എന്തോ വലിയ ‘സക്കാത്ത്’ കാണിച്ച് കോര്‍പറേഷനെ സേവിക്കാന്‍ അദീബ് വന്നുവെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.
മന്ത്രി പൊതുസമൂഹത്തിനുമുന്നില്‍ പറഞ്ഞ കള്ളത്തരങ്ങള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയാണ്. സാലറി സ്ളിപ്പിന്റെ കോപ്പി ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണവുമായി എത്തിയത്. അതേ സമയം പെട്രോള്‍ അലവന്‍സ് ഉള്‍പ്പെടെ എട്ടോളം വിവിധ അലവന്‍സുകള്‍ തനിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിലുണ്ടായിരുന്നതായി അദീബ് കോര്പറേഷന് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതെല്ലാം തനിക്ക് അനുവദിച്ചുതരണമെന്ന് കത്തില്‍ പറയുന്നു. പിന്നെ എന്ത് സേവനം അദീബ് നടത്തിയെന്നാണ് മന്ത്രി അവകാശപ്പെടുന്നത് ?. ശരിക്കും സ്വജനപക്ഷപാതമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹത്തിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി ഇതിന് മറുപടിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. രേഖകളെല്ലാം വിവരാവകാശ പ്രകാരം ചോദിച്ചിട്ടും അധികൃതര്‍ നല്കാന് കൂട്ടാക്കുന്നില്ല.
ആദ്യം ധനകാര്യ വകുപ്പിലാണെന്ന് പറഞ്ഞ ഫയലുകള്‍ ഇപ്പോള്‍ ന്യുനപക്ഷ ക്ഷേമ വകുപ്പിലാണെന്നാണ് പറയുന്നത്. എന്നാല്‍ അദീബിനെ നിയമിച്ചുകൊണ്ടള്ള ഫയല്‍ മന്ത്രിയുടെ കൈവശമാണ് ഉള്ളതെന്ന് ഇ-ഫയല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. രേഖകളില്‍ കൃത്രിമം കാണിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇത് അനുവദിക്കില്ലെന്നും ഫിറോസ് പറഞ്ഞു.
നിയമപരമായ എല്ലാകാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഫയല്‍ നല്‍കാതെ ഒളിച്ചുകളിച്ചതുകൊണ്ട് മന്ത്രി രക്ഷപ്പെടില്ലെന്നും ഫിറോസ് പറഞ്ഞു. മലപ്പുറത്ത് എല്‍ഡിഎഫ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി ബന്ധുനിയമനത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാല്‍ മുഖ്യമന്ത്രി പോയശേഷം സ്വയം വിഷയം എടുത്തിട്ട് മാന്യന്മാരുടെ ദേഹത്ത് ചെളിത്തെറുപ്പിക്കാനാണ് ജലീല്‍ ശ്രമിച്ചത്. എന്നാല്‍ സ്വന്തം ദേഹത്താണ് അത് വന്നുപതിക്കുന്നതെന്ന് മന്ത്രിക്ക് മനസിലാകുന്നില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.