പാലക്കാട്: കല്ലേക്കാട് രണ്ടാംമൈലിൽ ജാഫർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുഹമ്മദ് റിയാസുദീന്റെ ഫ്ളാറ്റിൽ നടന്ന മോഷണ കേസിൽ യുവതിയെ അറസ്റ്റുചെയ്തു. ശ്രീകൃഷ്ണപുരം കരിന്പുഴ പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീല (29)യെയാണ്് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
ഫ്ളാറ്റിലെ അലമാരയിൽ സൂക്ഷിച്ച പതിമൂന്നു പവൻ സ്വർണാഭരണങ്ങളാണ് മോഷണംപോയത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഇവർ വീടുപൂട്ടി തൃശൂരിലെ ബന്ധുവീട്ടിൽ പോയി രാത്രി വൈകി തിരിച്ചെത്തിയെങ്കിലും തിങ്കളാഴ്ചയാണ് അലമാരയിലെ ലോക്കർ തുറന്നുനോക്കിയത്, അപ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടി മോഷണംപോയത് അറിഞ്ഞത്. മുൻവാതിലോ പിൻവാതിലോ തകർക്കാതെയാണ് മോഷ്ടാവ് അകത്തുകയറിയിരുന്നത്.
തുടർന്നു പാലക്കാട് ടൗണ്‍ നോർത്ത് പോലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിൽ രണ്ടാഴ്ചമുന്പ് വീടിന്റെ മുൻവാതിലിന്റെ താക്കോൽ കാണാതായതായി അറിഞ്ഞു.പിന്നീട് രണ്ടാമത്തെ സ്പെയർ താക്കോലാണ് ഉപയോഗിച്ചിരുന്നത്.
വാതിലിൽ ഉണ്ടായിരുന്ന താക്കോൽ പ്രതി സൂത്രത്തിൽ കൈക്കലാക്കുകയും വീട്ടുകാർ തൃശൂരിലേക്കുപോയ സമയം നേരത്തെ മോഷ്ടിച്ച താക്കോൽ ഉപയോഗിച്ച് വീടുതുറന്ന് അലമാരയിൽനിന്നും ആഭരണങ്ങൾ എടുത്ത് പഴയപടി അലമാര പൂട്ടിവയ്ക്കുകയുമായിരുന്നു. ഇതേ ഫ്ളാറ്റിന്റെ മുകൾനിലയിലാണ് ഫസീലയും കുടുംബവും താമസിച്ചിരുന്നത്. ഫ്ളാറ്റുടമ നല്കിയ മൊഴിയിൽ ഒരു ഫ്ളാറ്റിലെ താമസക്കാരൻ കഴിഞ്ഞദിവസം മൂന്നുമാസത്തെ വാടക ഒന്നിച്ചു തന്നതായി മൊഴി നല്കി.
സാന്പത്തിക ഞെരുക്കത്തിലായിരുന്ന ഇയാൾ ഇത്രയും പണം ഒന്നിച്ചുനല്കിയതിൽ പോലീസിനു സംശയം തോന്നി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഭാര്യ തനിക്ക് 70,000 രൂപ കടം തന്നതായി സമ്മതിച്ചു.തുടർന്ന് ഫസീലയെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ തന്റെ വീട്ടുകാർ തനിക്കു നല്കിയ പണമാണെന്ന് മൊഴിനല്‍കി.
എന്നാൽ മൊഴിപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പറയുന്നത് കളവാണെന്ന് കണ്ടെത്തുകയും ഫോണ്‍ കോൾ രേഖകൾ പരിശോധിച്ചതിൽ ഇവർ സഞ്ചരിച്ച സ്ഥലത്തെപ്പറ്റിയും ബന്ധപ്പെട്ട നന്പരുകളെപ്പറ്റിയും ചോദിച്ചതിൽ പ്രതിക്ക് ഉത്തരം മുട്ടുകയായിരുന്നു. ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയും സ്വർണാഭരണങ്ങൾ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽ വിറ്റതായും പറഞ്ഞു.
തുടർന്ന് പോലീസ് പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽനിന്നും വിറ്റ സ്വർണം കണ്ടെടുത്തു. താക്കോലും കസ്റ്റഡിയിലെടുത്തു. ഫസീലയ്ക്കെതിരെ നേരത്തെ ഭർതൃപിതാവിനെ വിഷംനല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2014-ൽ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലും ഭർത്താവിന്റെ മുത്തശിയെ ഭക്ഷണത്തിൽ വിഷംനല്‍കി കൊലപ്പെടുത്തിയ സംഭവത്തിൽ 2016 ൽ നാട്ടുകൽ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
വിഷംനല്‍കി കൊന്നശേഷം മൃതദേഹം റോഡരികിൽ തള്ളുകയായിരുന്നു. മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബഷീറും കൂട്ടുപ്രതിയാണ്. നാട്ടുകൽ പോലീസ് രണ്ടുപേരെയും അറസ്റ്റുചെയ്തിരുന്നു. കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ബഷീറും ഭാര്യ ഫസീലയും മകനും പാലക്കാട് പിരായിരി, മേപ്പറന്പ്, കല്ലേക്കാട് എന്നിവിടങ്ങളിൽ രണ്ടുവർഷമായി വാടകയ്ക്ക് താമസിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ ഇ.അലവി, എസ്ഐ ആർ.രഞ്ജിത്ത്, കമറുദ്ദീൻ വള്ളിക്കാടൻ, എസ്ഐ കെ.സതീഷ് കുമാർ, വനിത എസ് സിപിഒ ടി.വി.അന്പിളി, ഡബ്ല്യുസിപിഒസി ശ്രീക്കുട്ടി, സിപിഒമാരായ ഇ.സുരേഷ് കുമാർ, ആർ.ദിലീഷ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാർ, ആർ.കിഷോർ, എം.സുനിൽ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.