കൊച്ചി: ശബരിമലയിൽ സ്ത്രീകളുടെ ദർശനത്തിന് രണ്ട് ദിവസം മാറ്റി വയ്ക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ നൽകിയ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോർണി സർക്കാർ നിലപാട് വ്യക്തമാക്കിയത്.
തങ്ങള്‍ക്ക് സംരക്ഷണം നല്കാന് പോലീസിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൗലിക അവകാശത്തിനൊപ്പം വ്യക്തികളുടെ സുരക്ഷയും പ്രധാനമാണെന്ന് കോടതി ഹർജിക്കാരെ അറിയിച്ചു. യുവതീ പ്രവേശന വിഷയത്തിൽ ഇതുവരെ എന്തുചെയ്തെന്ന് കോടതി ദേവസ്വംബോർഡിനോട് ചോദിച്ചു. യുവതീ പ്രവേശനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയോ എന്നും കോടതി ബോർഡിനോട് ആരാഞ്ഞു.
നേരത്തെ, ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശബരിമല കര്‍മ സമിതി പോലുള്ള സംഘടനകളും അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്ന് യുവതികൾ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കിവെക്കണമെന്നും ഇവര്‍ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേരള സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള, ജന.സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശബരിമല തന്ത്രി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.