ശമ്പളക്കുടിശ്ശിക ചോദിച്ചതിന്റെ വാശിയ്ക്ക് ശമ്പളം ചില്ലറയായി നല്‍കി പകപോക്കിയാല്‍ തൊഴിലുടമ വിവരമറിയും ! കോയിനേജ് അക്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

തൃശ്ശൂര്‍: തൊഴിലാളിയെ പിരിച്ചുവിട്ടശേഷം ശമ്പളക്കുടിശ്ശിക ചില്ലറത്തുട്ടുകളായി നല്‍കി പകപോക്കല്‍ നടത്തിയാല്‍ തൊഴിലുടമയ്ക്ക് എട്ടിന്റെ പണികിട്ടിയേക്കാം. രാജ്യത്തെ സാമ്പത്തിക നയം നടപ്പിലാക്കുന്ന റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം നാണയത്തുട്ടുകളായി 1,000 രൂപവരെ മാത്രമേ നല്‍കാനാകൂ. അതും ഒരു രൂപ നാണയങ്ങളായിരിക്കണം. 50 പൈസാ നാണയങ്ങളാണ് നല്‍കുന്നതെങ്കില്‍ പരമാവധി പത്ത് രൂപ വരെ മാത്രം. അതിലും താെഴയുള്ള നാണയങ്ങളാണെങ്കില്‍ ഒരു രൂപയുടെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ.

ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട വേലൂപ്പാടം പുത്തന്‍വീട്ടില്‍ ഹസീനയ്ക്ക് ശമ്പളക്കുടിശികയായി കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാര്‍ലറായ ലൈറയുടെ ഉടമ നല്‍കിയത് 6000 രൂപയുടെ നാണയം. അതില്‍ ഒരു രൂപയുടെ നാണയങ്ങള്‍ 600 മാത്രം. ഇത് വാങ്ങുന്നതില്‍ ഹസീനയ്ക്ക് നിയമതടസ്സമില്ല. എന്നാല്‍ ബാക്കി നാണയങ്ങളുടെ കാര്യത്തില്‍ തൊഴിലുടമ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. 50 പൈസയുടെയും 25 പൈസയുടെയും നാണയങ്ങളാണ് ബാക്കി. ഇതില്‍ 10 രൂപയ്ക്കുള്ള 50 പൈസയുടെ നാണയങ്ങള്‍ വാങ്ങാന്‍ മാത്രമേ ബാധ്യതയുള്ളൂ. ബാക്കി 5390 രൂപയ്ക്കുള്ള നാണയത്തിന് പകരം കറന്‍സി തന്നെ നല്‍കണമെന്നാണ് നിയമം പറയുന്നത്. പ്രചാരത്തിലില്ലാത്ത 25 പൈസ നല്‍കിയതും കുറ്റമാണ്. വിനിമയത്തിലില്ലാത്ത നാണയം വിപണിയിലിറക്കിയതും ഈ നാണയം നല്‍കി വഞ്ചിച്ചതും കുറ്റകൃത്യമായി പരിഗണിക്കും.

നാണയവിനിമയം സംബന്ധിച്ച നിയമങ്ങളെല്ലാം ബാങ്കിങ്-ധനകാര്യ സ്ഥാപന ഇതര ഇടപാടുകള്‍ക്കാണ് ബാധകം. ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ള നിയമം 2011-ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കോയിനേജ് ആക്ട് 2011 എന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് നാണയവിനിമയത്തിന് പരിധി വെച്ചിരിക്കുന്നത്. വിനിമയോപാധിയായ കറന്‍സിയും നാണയവും റിസര്‍വ് ബാങ്ക് നിയമപ്രകാരം നിയമപരമായി സാധുതയുള്ള വിനിമയോപാധികളാണ്. അതില്‍ കറന്‍സികള്‍ പരിധിയില്ലാത്ത വിനിമയോപാധിയായും നാണയം പരിധിയുള്ള വിനിമയോപാധിയായും കണക്കാക്കുന്നു.

പരിധിയുള്ള വിനിമയോപാധി ആയതിനാലാണ് വിനിമയം എന്ന കൈമാറ്റത്തിന് പരിധി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ പരിധി ബാധകമല്ല. ഗുണഭോക്താവ് എത്ര നാണയം കൊണ്ടുവന്നാലും സ്വീകരിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും അറിയാത്ത പോലീസ്, ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് പറഞ്ഞത്.ഹസീനയുടെ കാര്യത്തില്‍ തൊഴിലുടമ ഒടുവില്‍ നാണയം സ്വീകരിച്ച് നോട്ടു നല്‍കുകയാണ് ചെയ്തത്.

Related posts