കോട്ടയം: നാഗന്പടത്തെ വനിതാ വിശ്രമ കേന്ദ്രം മുഖം മിനുക്കി കാത്തിരിക്കുന്നു. ഇക്കുറിയെങ്കിലും കുറെ വനിതകളെ കിട്ടുമോ എന്നറിയാനായി. നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തുന്ന വനിതകളായ യാത്രക്കാർക്ക് വിശ്രമിക്കാനായി കോട്ടയം നഗരസഭയാണ് വനിതാ വിശ്രമ കേന്ദ്രം സ്ഥാപിച്ചത്.
യാത്ര ചെയ്തു ക്ഷീണിച്ചുവരുന്നവരും ബസ് യാത്ര പുറപ്പെടാൻ വൈകുന്ന ഘട്ടത്തിലും യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമാണ് വിശ്രമ കേന്ദ്രം ഉപയോഗപ്പെടുന്നത്. നാഗന്പടം ബസ് സ്റ്റാൻഡിനു സമീപം പോപ്പ് മൈതാനത്താണ് വിശ്രമ കേന്ദ്രം. തുടക്കത്തിൽ കുടുംബശ്രീക്കായിരുന്നു ചുമതല. കുടുംബശ്രീ ഭക്ഷണം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഇവിടെ വിൽപനയ്ക്കും വച്ചു.
പക്ഷേ വനിതകളുടെ വരവ് കുറഞ്ഞതോടെ കച്ചവടം കുറഞ്ഞു. താമസിയാതെ വിശ്രമ കേന്ദ്രത്തിന് താഴ് വീണു. സൗകര്യങ്ങളുടെ കുറവും ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നര ലക്ഷം മുടക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 20 പേർക്ക് വിശ്രമ സൗകര്യമൊരുക്കി തുറക്കാനുള്ള ഒരുക്കത്തിലാണ് വിശ്രമ കേന്ദ്രം.
അടുത്ത മാസം പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.പ്രസാദ് പറഞ്ഞു. അതേ സമയം വിശ്രമ കേന്ദ്രം പ്രവർത്തനം ആരെ ഏൽപിക്കണമെന്ന കാര്യത്തിൽ കൗണ്‍സിൽ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന പറഞ്ഞു.
കുടുംബശ്രീ മിഷനും കുടുംബശ്രീയും ചേർന്ന് നടത്താനാണ് ആലോചന. വിശ്രമത്തിനായി വരുന്നവരിൽ നിന്ന് ഈടാക്കേണ്ട ഫീസ് കാര്യത്തിലും കൗണ്‍സിൽ തീരുമാനം ഉണ്ടാകണം. എന്തായാലും 2018 ഒടുവിൽ വിശ്രമ കേന്ദ്രം തുറക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നഗരസഭാ അധികൃതർ.