കോതമംഗലം: വീട്ടിൽ വ്യാജമദ്യം നിർമിച്ച് വില്പന നടത്തിവന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ എക്സൈസ് പിടിയിൽ. കറുകടം ശ്രിനിലയം വീട്ടിൽ ശ്രീകുമാർ (44)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഒമ്പതോടെ നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതി പിടിയിലായത്.
20 ലിറ്റർ വാറ്റ് ചാരായവും 15 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യവും ചാരായത്തിൽ നിറം കലർത്തി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ അര ലിറ്റർ ബോട്ടിലുകളിൽ നിറച്ച അഞ്ച് ലിറ്റർ മദ്യവും പ്രതിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. അര ലിറ്ററിന്റെ 170 ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് വ്യാജമദ്യം നിറച്ച് വില്പന നടത്താൻ സൂക്ഷിച്ചിരുന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
പോലീസ് ഉദ്യേഗസ്ഥനായിരുന്ന ഇയാളെ കേസിപ്പെട്ടതിനെ തുടർന്നാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്. കറുകടം അമ്പലം പടിയിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പരിശോധന നടത്തും. വിശദമായ പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷമേ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള കാര്യങ്ങൾ വ്യക്ത മാകുകയുള്ളു എന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് സി.ഐ ജി.സുരേഷ്, റേഞ്ച് ഇൻസ്പെക്ടർ ടി.ഡി. സജീവ്, കുട്ടമ്പുഴ ഇൻസ്പെക്ടർ സാബു ജേക്കബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.വി. സലിം, ഇ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.