പാലക്കാട്: കർഷകരുടെ മനസറിയുന്ന കർഷകനായ നേതാവാണ് നിയുക്ത മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ. കൃഷ്ണൻകുട്ടി മന്ത്രിയാകുന്നതോടെ പാലക്കാട്ടെ കർഷകർക്ക് ഇത് സ്വപ്നസാഫല്യം. കർഷകർക്കുവേണ്ടി നിലകൊള്ളുമെന്ന് എല്ലാ ജനപ്രതിനിധികളും പ്രഖ്യാപിക്കുന്പോൾ കർഷകനായ കെ. കൃഷ്ണൻകുട്ടിയുടെ സ്ഥാന ലബ്ദി നെല്ലറയായ പാലക്കാടിനും വിശേഷിച്ച് കർഷകർക്കും ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.
കേരളം രൂപം കൊണ്ട ശേഷം ചിറ്റൂരിന്റ ചരിത്രത്തിൽ ആദ്യമന്ത്രിയാകും കെ.കൃഷ്ണൻകുട്ടി. നിലവിൽ മന്ത്രിയായിരുന്ന മാത്യു ടി തോമസ് സ്ഥാനം രാജിവയ്ക്കാൻ ധാരണയായതിനെ തുർന്നാണ് കെ. കൃഷ്ണൻകുട്ടി മന്ത്രിയാകുന്നത്.
പ്രമുഖ കർഷകനും സഹകാരിയുമായ കെ.കൃഷ്ണൻകുട്ടി 1964ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.
കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗം, നാഷണൽ ലേബർ ഓർ ഗനൈസേഷൻ സംസ്ഥാന ട്രഷറർ, ജനതാ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാ സെക്രട്ടറി ജനറൽ, ദേശീയ നിർവാഹക സമിതി അംഗം, പെരുമാട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പാലക്കാട് ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, അഗ്രികൾച്ചറൽ പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, 2011-2016ൽ സംസ്ഥാന സർക്കാർ നിയോഗിച്ച സംസ്ഥാന കാർഷിക നയരൂപീകരണ സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചു. നിലവിൽ ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡണ്ടാണ്.
1980 ൽ ആദ്യമായി ചിറ്റൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി. ശങ്കറിനെയാണ് പരാജയപ്പെടുത്തിയത്. 1982ൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രനെ പരാ ജയപ്പെടുത്തി വിജയിച്ചു. 1986 ൽ കോണ്‍ഗ്രസ്സിലെ കെ.എ.ചന്ദ്രനോട് പരാജയപ്പെട്ടു.
91 ൽ കെ.എ.ചന്ദ്രനെ പരാജയപ്പെടുത്തി വിജയം. അതിനു ശേഷം നടന്ന 96, 2001, 2006 എന്നീ തിരഞ്ഞെടുപ്പുകളിൽ കെ.അച്യുതനോട് പരാജയപ്പെട്ടു. നീണ്ട കാത്തിരിപ്പിനു ശേഷം 2016ൽ കെ.അച്യുതനോട് മധുരമായ പക വീട്ടലോടെ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചിറ്റൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ മാത്രമാണ് മത്സര രംഗത്തില്ലാതിരുന്നത്.
ചിറ്റൂർ പെരുമാട്ടി എഴുത്താണിയിൽ പ്രമുഖ കർഷകനായ കുഞ്ചു കുട്ടിയുടേയും ജാനകിയുടേയും മകനായി 1944 ആഗസ്റ്റ് 13 ന് ജനിച്ചു. വിലാസിനിയാണ് ഭാര്യ. നാല് മക്കളിൽ നാരായണൻകുട്ടി എം.ബി.എ. ബിരുദധാരിയാണെങ്കിലും കാർഷിക രംഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്. അജയൻ (സോഫ്റ്റ വെയർ എൻജിനീയർ), ബിജു ഐഎഎസ് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറാണ്. മകൾ ലത എറണാകുളം.