ഗോഹട്ടി: ഇഞ്ചുറി ടൈമിലേറ്റ കനത്ത ഇഞ്ചുറിയിൽ കേരള ബ്ലാസ്റ്റേഴ്സ് തകർന്നു തരിപ്പണമായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി. തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം തൊടാനാവാതെ ഗോഹട്ടിയിലെ ഇന്ദരാഗാന്ധി സ്റ്റേഡിയത്തിൽനിന്നും മഞ്ഞപ്പട തലകുനിച്ച് മടങ്ങി.
മുഴുവൻ സമയം ഒരു ഗോളിനു മുന്നിൽനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത പരാജയം. നായകൻ സന്ദേശ് ജിങ്കൻ വരുത്തിയ പിഴവിൽനിന്നായിരുന്നു കേരളത്തിന്റെ പതനം. 73 ാം മിനിറ്റിൽ മറ്റേജ് പൊപ്ലാടിക്കിന്റെ ഗോളിൽ വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിതമായി തകർന്നു വീഴുകയായിരുന്നു. ആറു മിനിറ്റ് ഇഞ്ചുറി ടൈമാണ് കേരളത്തിന്റെ ജീവനെടുത്തത്. ഒഗ്ബച്ചെ പെനാൽറ്റിയിലൂടെയും യുവാൻ മാസിയ ക്ലോസ് റേഞ്ചിലൂടെയും കേരളത്തിന്റെ ഹൃദയം തകർത്തു.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ കേരളത്തെ നിർവീര്യമാക്കുന്ന പ്രകടനമാണ് നോർത്ത് ഈസ്റ്റ് സ്വന്തം മൈതാനത്ത് നടത്തിയത്. എന്നാൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തിട്ടും അവർക്ക് ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ കേരളം കൂടതൽ ആക്രമിച്ചു കളിച്ചതോടെ കളിക്കു ചൂടുപിടിച്ചു. സൂപ്പർ സബായി കളത്തിലെത്തിയ മലയാളി താരം സക്കീർ മുണ്ടപ്പാറ കേരളം കാത്തിരുന്ന ഗോൾ കൊണ്ടുവന്നു. സക്കീറിന്റെ കോർണറിൽ മനോഹരമായി തലവച്ച പൊപ്ലാടിക്ക് കേരളത്തെ മുന്നിലെത്തിച്ചു.
ഗോൾ വീണതോടെ നോർത്ത് ഈസ്റ്റ് ഇരച്ചുകയറി. എന്നാൽ ഒറ്റ ഗോളിൽ തൂങ്ങി മൂന്നുപോയിന്റിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അവസാന നിമിഷംവരെ അണുവിടവിടാതെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കോട്ടകാത്തു. നായകൻ ജിങ്കാൻ മുന്നിൽനിന്നു നയിച്ചു. എന്നിട്ടും ഇഞ്ചുറി ടൈമിൽ പ്രതിരോധം പാളി.
കേരളം കൊമ്പുംകുത്തി വീണു. ബോക്സിൽ യുവാൻ മാസിയയെ ജിങ്കാൻ പിന്നിൽനിന്നു വീഴ്ത്തി. റഫറിയുടെ വിസിൽ കേരളത്തിനെതിരായി മുഴങ്ങി. കൈകൾ പെനാൽറ്റി സ്പോട്ടിലേക്കു നീണ്ടു. കിക്കെടുക്കാൻ എത്തിയ ഒഗ്ബച്ചെയ്ക്കു പിഴച്ചില്ല. ഗോളി ധീരജ് സിംഗിനെ കാഴ്ചക്കാരനാക്കി വലയുടെ ഇടത്തേ മൂലയിൽ പന്ത് ഇടിച്ചിറങ്ങി.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർത്തിയാവാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ടു മിനിറ്റുകൾക്കു കേരള ബോക്സിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റം. ബോർഗസിന്റെ പാസ് വലത്തേ മൂലയിൽ ഒഴിഞ്ഞുനിന്ന മാസിയയിലേക്ക്. മാസിയയുടെ ക്ലോസ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ധീരജിനെ വീണ്ടും പരാജയപ്പെടുത്തി. കേരളത്തിന്റെ നെഞ്ചിൽ വെള്ളിടിയായി പന്ത് നെറ്റിൽ തുളച്ചുകയറി.