ഹരിപ്പാട്: കൃഷി മേഖലയിലേക്കു കായംകുളം കായലിൽ നിന്നുള്ള ഉപ്പുവെള്ളം കയറാതിരിക്കുവാൻ ആറാട്ടുപുഴ,കുമാരപുരം ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ തോടുകളിലായി ഏഴു ബണ്ടുകൾക്ക് കരാറായി. മൈനർ ഇറിഗേഷൻ വകുപ്പായിരുന്നു കരാർ ക്ഷണിച്ചിരുന്നത്.
കരുവാറ്റ, കാർത്തികപ്പള്ളി, പഞ്ചായത്തുകളിൽ വിവിധ തോടുകളിലായി നാലു ബണ്ടുകൾ സ്ഥാപിക്കുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പ് നേരത്തേ കരാർ ക്ഷണിച്ചിരുന്നെങ്കിലും ആരും ജോലി ഏറ്റെടുക്കുവാൻ തയാറാകാത്തതിനാൽ റീടെൻഡർ ചെയ്യുകയായിരുന്നു.
കരാറായവയിൽ ആറെണ്ണം ആറാട്ടുപുഴയിലും ഒരെണ്ണം കുമാരപുരത്തുമാണ്. കാലവർഷമാകുന്പോൾ കോണ്ട്രാക്ടറുടെ ചെലവിൽ പൊളിച്ചുനീക്കണമെന്നും അറ്റകുറ്റപണികൾമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. കാർത്തികപ്പള്ളിയിൽ മൂന്നും കരുവാറ്റയിൽ ഒരു ബണ്ടും സ്ഥാപിക്കുന്ന ജോലിയാണ് റീടെൻഡർ ചെയ്തത്.
ജലാശയങ്ങളിൽ ഓരിന്റെ അംശം അനുഭവപ്പെട്ടു തുടങ്ങിയതിനാൽ എത്രയും വേഗം ബണ്ടുകളുടെ പണി പൂർത്തീകരിക്കണമെന്ന് കൃഷി വകുപ്പ് ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിടിട്ടുണ്ട്. ഇനിയും വൈകിയാൽ അപ്പർകുട്ടനാടൻ മേഖലയിലേയും മറ്റും കൃഷിക്ക് നാശമുണ്ടാകും.
മഹാദേവി കാട് പുളിക്കീഴ് പാലത്തിന് സമീപം തോട്ടിൽ ബണ്ട് സ്ഥാപിച്ചു വരികയാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിലാണ് ജോലികൾ നടക്കുന്നത്.