തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നു. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണവും നടത്തുമെന്നും കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി. പി.അനിൽകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് സി.കെ.ഉണ്ണി ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
കേസ് നിലവിൽ അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്കും ലോക്കൽ പോലീസിനും വേണ്ട സഹായം ചെയ്യാൻ ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കറിന്റെ സുഹൃത്ത് അർജുൻ ആണെന്നുംഅതല്ല ബാലഭാസ്കർ ആയിരുന്നുവെന്നും വാദങ്ങൾ ഉയർന്നിരുന്നു.
അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അർജുൻ പോലീസിനോട് മൊഴി നൽകിയിരുന്നത്. എന്നാൽ അർജുന്റെ വാദം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നിഷേധിക്കുകയായിരുന്നു. വാഹനമോടിച്ചത് അർജുൻ ആയിരുന്നുവെന്നും ബാലഭാസ്കർ പിറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നായിരുന്നു. ലക്ഷ്മിയുടെ മൊഴി.
ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് പോലീസ് തയാറെടുക്കുന്നത്. കൂടുതൽ വ്യക്തത ലഭിക്കാൻ അർജുനിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. ഗുരുതരമായി പരിക്കേറ്റ അർജുൻ ഇപ്പോൾ ആയൂർവേദ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളിൽ നിന്നും രക്ഷാപ്രവർത്തനം നടത്തിയവരിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. പാലക്കാട്ടെ സുഹൃത്തിനെതിരെ അന്വേഷണം വേണമെന്നും ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.