ബർലിൻ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പുതിയ കുടിയേറ്റ നിയമം ജർമനി തയാറാക്കുന്നു. ഇതിന്റെ കരട് രൂപം പൂർണമായി.
ജർമൻ സമൂഹവുമായി ചേർന്നു പോകാൻ സാധിക്കുന്ന വിദേശ തൊഴിലാളികൾക്കു രാജ്യത്തു സ്ഥിരതാമസത്തിന് അവസരം നൽകുക കൂടി ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു നൽകിക്കഴിഞ്ഞു.
ജർമനി നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാൻ ഇതുപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒപ്പം, വിദേശത്തുനിന്നുള്ളവർക്ക് ഇതുവഴി ജർമനിയിൽ വൻതോതിൽ തൊഴിലവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്യും.
വിദേശികളെന്ന നിലയിൽ, യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കുന്ന രീതിയും ഇതിൽ അനുവർത്തിക്കുന്നില്ല. ജർമനിയിൽനിന്നോ യൂറോപ്യൻ യൂണിയനുള്ളിൽനിന്നോ ഒരു തൊഴിലാളിയെയും ലഭിക്കുന്നില്ലെങ്കിൽ മാത്രം യൂറോപ്പിനു പുറത്തുനിന്നു റിക്രൂട്ട് ചെയ്യാം എന്ന മാനദണ്ഡം എടുത്തുകളയുന്നതാണ് നിയമത്തിലെ കാതലായ വ്യത്യാസം.
കെയർ, ഐടി, ഇലക് ട്രിക്കൽ എൻജിനിയറിംഗ് തുടങ്ങി ധാ രാളം അവസരങ്ങളുള്ള മേഖലകൾ മാത്രം യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്ക് തുറന്നു കിട്ടുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ പുതിയ നിയമത്തിലൂടെ ഇല്ലാതാകും. കൂടുതൽ വിശാലമായി തൊഴിൽ വിപണി വിദേശികൾക്കു മുന്നിൽ തുറന്നു കിട്ടുകയാണു ചെയ്യുക.
പാചകം, മെറ്റലർജി, ഐടി, ബിൽഡിംഗ് മേഖലകളിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് ജോലി അന്വേഷിക്കാൻ മാത്രമായി ആറു മാസത്തെ വിസ അനുവദിക്കാനുള്ള വ്യവസ്ഥയും വിദേശികൾക്ക് ഗുണം ചെയ്യും.
ജർമനിയുടെ സാന്പത്തിക സ്ഥിതി ഇനിയും ഉയരണമെങ്കിൽ തൊഴിലാളികളുടെ കുടിയേറ്റം അനിവാര്യമാണ്. രാജ്യത്ത് നിലവിൽ 12 ലക്ഷം ജോലി ഒഴിവുണ്ട്. 23 ശതമാനം പ്രഫഷണൽ മേഖലകളിൽ വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്.
യോഗ്യരായവർ വരിക, ജോലിയെടുക്കുക
മൂന്നാം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം ലക്ഷ്യമിടുമ്പോൾ വ്യക്തമായും സുതാര്യമായും നിയന്ത്രണംമുണ്ടെങ്കിലും യോഗ്യതയുള്ളവരെ മാറ്റിനിർത്തില്ലെന്ന തത്വമാണ് സർക്കാർ മുന്നിൽ കാണുന്നത്. തൊഴിൽ കരാറും അംഗീകൃത യോഗ്യതയും ഉ ണ്ടെങ്കിൽ എല്ലാ ജോലികളിലും വിദഗ്ധർക്കു പ്രവർത്തിക്കാൻ കഴിയും. അതുകൊണ്ട്, മുൻഗണനാ ടെസ്റ്റ് ഉണ്ടാകില്ല. ജർമൻകാരെയോ മറ്റേതെങ്കിലും യൂറോപ്യൻയൂണിയൻ രാജ്യക്കാരെയോ ആശ്രയിക്കാതെ യോഗ്യതയുള്ള ജോലിക്കാരെയാണ് തേടുന്നത്. പ്രാദേശികമായി, മുൻഗണനാ ക്രമങ്ങൾ ഇവിടെ പരിഗണിക്കില്ല എന്നതും ശ്രദ്ധേയം.
അതിനാൽ, വിദഗ്ധർ തൊഴിൽ അന്വേഷണത്തിനായി ശ്രമിക്കുന്പോൾ ഒരു താത്ക്കാലിക റെസിഡന്റ് പെർമിറ്റ് ലഭിച്ചിരിക്കണം. ഒരു തൊഴിൽ തേടുന്പോൾ തന്നെ അത് ഒരു റെസിഡൻസ് പെർമിറ്റായിരിക്കും. കൂടാതെ, എൻട്രി പെർമിറ്റുകളും യോഗ്യതകളും ഭാവിയിൽ നൽകണം ഇത് രണ്ടോ നാലോ ആഴ്ച മാത്രമേ എടുക്കൂ. ബാഡൻവുർട്ടംബെർഗ്, ബവേറിയ, ഹെസൻ, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ, റൈൻലാൻഡ് പഫാൽസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ ജോലി ഒഴിവുകൾ നിലവിലുള്ളത്.
വിദേശത്തുനിന്നുള്ള നഴ്സുമാർ
നഴ്സുമാർ ഉൾപ്പെടെ എല്ലാ മേഖലകളിലേക്കുമുള്ള കുടിയേറ്റ നടപടികളാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെ ഇരട്ടിയാക്കാനും ഫെഡറൽ ഗവണ്മെന്റ് ആഗ്രഹിക്കുന്നു. നഴ്സിംഗ് മേഖലയിലെ ജോലിക്കാരുടെ ദൗർലഭ്യം നികത്താൻ മെർക്കൽ സർക്കാർ ഈ വർഷം ജനുവരിയിൽ ഇടപെട്ട് അടിയന്തരമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഒട്ടനവധി മലയാളികൾ ജർമനിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.
നഴ്സിംഗ് വിദ്യാഭ്യാസവും ജർമൻ ഭാഷയിൽ ബി ടു പരീക്ഷ പാസാവുകയും ചെയ്തിട്ടുള്ളവർ ഒരു ജോബ് ഓഫർകൂടി തരപ്പെടുത്തിയാൽ ഈ മേഖലയിൽ ജോലിക്ക് യോഗ്യതയുള്ളവരാകും. താത്പ്പര്യമനുസരിച്ച് അപേക്ഷിച്ചാൽ നിഷ്പ്രയാസം ജർമനിയിൽ കുടിയേറാൻ സാധിക്കും. ഇടനിലക്കാരെ ആവശ്യമില്ല. നഴ്സിംഗ് മേഖലയിൽ ഒരു ലക്ഷത്തിലേറെ ഒഴിവുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നഴ്സിംഗ് മേഖലയെ പുഷ്ടിപ്പെടുത്താൻ അടുത്ത ജനുവരി മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പലയാവർത്തി വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ