മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എം.പി.ഫാത്തിമകുട്ടിയെ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി നിയമിച്ചത് ചട്ടം ലംഘിച്ചാണെന്നെതിന് തെളിവുണ്ടെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാനസെക്രട്ടറി സിദ്ദീഖ് പന്താവൂർ.
കെഇആറിലെ 14-ാം ചട്ടം 37(2)ന് എതിരാണ് ഫാത്തിമകുട്ടിയുടെ നിയമനമെന്ന് സിദ്ദീഖ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹയർസെക്കൻഡറി ഡയറക്ടറുടെ സർക്കുലറിൽ പറയുന്ന മാനദണ്ഡങ്ങൾക്കും എതിരാണ് നിയമനം. ചട്ടം ലംഘിച്ച് നടന്ന നിയമനമാണെന്നത് സംബന്ധിച്ച് ഒരു അധ്യാപകനും ആക്ഷേപമോ പരാതിയോ ഉന്നയിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണ്.
സ്കൂളിലെ നാല് അധ്യാപകർ പരാതി നൽകുകയും ആർഡിഡി ഹിയറിംഗ് നടത്തിയതുമാണ്. പക്ഷേ അധ്യാപകർക്ക് യുക്തവും വസ്തുതാപരവുമായ മറുപടി നൽകാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തയാറാകാത്തതിനാൽ നീതി നടപ്പായിട്ടില്ല. പ്രിൻസിപ്പൽ നിയമനം അംഗീകാരം ലഭിക്കുന്നതിന് മുൻപ് അപ്രൂവ്ഡ് സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കണമെന്നതാണ് ചട്ടം.
എന്നാൽ ഫാത്തിമകുട്ടിയുടെ പ്രിൻസിപ്പൽനിയമനം ആ ചട്ടത്തിന് വിരുദ്ധമായാണെന്നും സിദ്ദീഖ് പന്താവൂർ ആരോപിച്ചു.ഒരേ ദിവസം സ്കൂളിൽ ജോലിയിൽ പ്രവേശിച്ച പ്രീത എന്ന അധ്യാപികയെ മറികടന്നാണ് മന്ത്രിയുടെ സ്വാധീനത്തിൽ ഭാര്യയ്ക്ക് പ്രിൻസിപ്പൽ നിയമനം നടത്തിയത്.
ഒരേ സീനിയോറിയിറ്റിയിൽ രണ്ട് പേർ വന്നാൽ പ്രായത്തിന്റെ പരിഗണനയിലാണ് നിയമനം നടത്തേണ്ടതെന്ന മാനദണ്ഡവും ഇവിടെ ലംഘിക്കപ്പെട്ടു. ഇതോടെ ഫാത്തിമകുട്ടിയുടെ നിയമനം നിയമപ്രകാരമാണെന്ന മന്ത്രി ജലീലിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും വാദമാണ് പൊളിയുന്നത്.
ഫാത്തിമകുട്ടിയുടെ പ്രിൻസിപ്പൽ നിയമനം റദ്ദ് ചെയ്ത് മാനദണ്ഡങ്ങൾ പാലിച്ച് അർഹരെ നിയമിക്കണമെന്നും സിദ്ദീഖ് പന്താവൂർ ആവശ്യപ്പെട്ടു. യാസിർ, മുസ്തഫ വടമുക്ക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.