ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കാന്‍ കൊണ്ടുവന്നത് ചൂണ്ടകളും തൂവാലകളും റബര്‍ ട്യൂബുകളും ! ശരീരത്തില്‍ സുരക്ഷാകവചങ്ങളും; എന്നിട്ടും അമേരിക്കന്‍ പൗരന് രക്ഷപ്പെടാനായില്ല…

പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ യു.എസ് പൗരന് എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായില്ല. ഗോത്രവര്‍ഗക്കാരുടെ ആക്രമണം മുന്‍കൂട്ടിക്കണ്ട യു.എസ്. പൗരനായ ജോണ്‍ അലന്‍ ചൗവ് ഷീല്‍ഡുകളടക്കം ശരീരത്തില്‍ ഘടിപ്പിച്ചാണ് സെന്റിനല്‍ ദ്വീപിലിറങ്ങിയത്. പക്ഷേ, ഇതുകൊണ്ടൊന്നും അദ്ദേഹത്തിന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായില്ലെന്ന് ആന്‍ഡമാനിലെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റമിന്‍ ഗുളികകളും രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള മരുന്നുകളും ജോണ്‍ കൈയില്‍ കരുതിയിരുന്നു. ശാരീരികമായ ആക്രമണങ്ങളെ ചെറുക്കാന്‍ നെഞ്ചിലും വയറിലും ഷീല്‍ഡുകളും ധരിച്ചു. ഇതിനുപുറമേ ഗോത്രവര്‍ഗക്കാരെ സന്തോഷിപ്പിക്കാനായി ചില സമ്മാനങ്ങളും അദ്ദേഹം കൈയില്‍കരുതി. ചൂണ്ടകളും തൂവാലകളും റബര്‍ ട്യൂബുകളുമാണ് സമ്മാനമായി നല്‍കാന്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ദ്വീപിലിറങ്ങിയ ഉടന്‍ ഗോത്രവര്‍ഗക്കാര്‍ അദ്ദേഹത്തിനുനേരേ തുരുതരാ അമ്പെയ്യുകയായിരുന്നു.

കൊല്ലപ്പെട്ടതിന്റെ തലേദിവസവും ജോണ്‍ അലന്‍ ചൗവു സെന്റിനല്‍ ദ്വീപിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ദ്വീപിലിറങ്ങിയ ജോണിനെ ദ്വീപിലെ ഒരു ആണ്‍കുട്ടി അമ്പെയ്ത് ആക്രമിച്ചതോടെ ഇദ്ദേഹം തിരികെമടങ്ങി. ഇക്കാര്യത്തെക്കുറിച്ച് ജോണ്‍ തന്റെ ഡയറിയില്‍ കുറിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഒരു ചെറിയ കുട്ടി തനിക്ക് നേരെ അമ്പെയ്തതെന്ന് അദ്ദേഹം ഡയറിയില്‍ കുറിച്ചിരുന്നു. അതിനിടെ, മണലില്‍ കുഴിച്ചിട്ട ജോണ്‍ അലന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോത്രവര്‍ഗക്കാരുടെ ആക്രമണം കാരണം ദ്വീപിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതാണ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നത്. ദ്വീപവാസികളെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

Related posts