കൽപ്പറ്റ: പഴയവൈത്തിരി തങ്ങൾക്കുന്നു പണിയ കോളനിയിലെ മാധവൻ-തുളസി ദന്പതികളുടെ മകളും പുൽപ്പള്ളിയിൽ ടിടിസി വിദ്യാർഥിനിയുമായ മാതുവിന്റെ (22)ആത്മഹത്യയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേരള പണിയൻ സമാജത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.
താമരശേരി സ്വദേശിയായ യുവാവിന്റെ നിരന്തരശല്യത്തിൽ മനംനൊന്താണ് മാതു ജീവനൊടുക്കിയതെന്നു പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു പിതാവ് മാധവൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ വൈത്തിരി, അനന്തൻ ചൂള്ളിയോട്, ബിജു കാക്കത്തോട്, എം. കണ്ണൻ, സി.വി. മണികണ്ഠൻ, പി. രാഘവൻ എന്നിവർ പറഞ്ഞു. മാതുവിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സ്പെഷൽ മൊബൈൽ സ്ക്വാഡിനു കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ 19നു ഉച്ചയോടെ ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ മാതുവിനെ അന്നു വൈകുന്നേരമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാതുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ശല്യംചെയ്തിരുന്നയാളെക്കുറിച്ചുള്ള സൂചനയുണ്ട്. “അവനെ വെറുതെ വിടരുതെന്നും’ കത്തിലുണ്ട്.
ഹയർ സെക്കൻഡറി ക്ലാസിൽ പഠിക്കുന്പോൾ സ്നേഹിതയായ മറ്റൊരു പെണ്‍കുട്ടി മുഖേന പരിചയത്തിലായ യുവാവാണ് മാതുവിന ശല്യം ചെയ്തിരുന്നതെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മാതു ടിടിസി കോഴ്സിനു ചേർന്നു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ശല്യം വർധിച്ചത്.
പഠിക്കുന്ന സ്ഥാപനപരിസരത്തു പലപ്പോഴും എത്തുമായിരുന്ന യുവാവ് മാതുവിനു മൊബൈൽ ഫോണ്‍ നിർബന്ധിച്ചു നൽകുകയുണ്ടായി. ഈ ഫോണ്‍ ഇപ്പോൾ വൈത്തിരി പോലീസിന്റെ കസ്റ്റഡിയിലാണ്. യുവാവ് അടുത്തിടെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചിരുന്നതായി മാതു പിതാവിനെ അറിയിച്ചിരുന്നു. ജീവനൊടുക്കിയ ദിവസം മാതുവിനു തിക്താനുഭവം ഉണ്ടായോ എന്ന് വ്യക്തമല്ല.
കൗമാര-യൗവനകാല ചിന്തകളും ദുഷ്ലാക്കോടെ അടുത്തുകൂടുന്നവരെ തിരിച്ചറിയുന്നതിലെ കഴിവില്ലായ്മയുമാണ് പെണ്‍കുട്ടികളെ പലപ്പോഴും ചതിക്കുഴിയിൽ വീഴ്ത്തുന്നത്. ഭയം ഇവരിൽ ചിലരെയെങ്കിലും ആത്മഹത്യയിലേക്കു നയിക്കുകയാണ്.
പട്ടികവർഗ പെണ്‍കുട്ടികൾക്കു സ്കൂൾതലത്തിൽ കൗണ്‍സലിംഗ് നൽകിയാൽ ഈ സാഹചര്യം ഒരളവോളം ഒഴിവാകും. വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ആദിവാസി പെണ്‍കുട്ടികൾക്കു കൗണ്‍സലിംഗ് നിർബന്ധമാക്കുന്നതിനു നടപടി തേടി പട്ടികവർഗ ക്ഷേമ മന്ത്രിക്കും കമ്മീഷനും നിവേദനം നൽകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.