കൂത്തുപറമ്പ്: വീട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ വിഹരിക്കുമ്പോഴും എങ്ങുമെത്താതെ പോലീസ് അന്വേഷണം. രണ്ടു മാസം തികയും മുമ്പെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളപ്പന്തൽ, ശങ്കരനെല്ലൂർ കിണറ്റിന്റവിട പ്രദേശങ്ങളിൽ നടന്നത് മൂന്ന് മോഷണസംഭവങ്ങൾ.എന്നാൽ ഇവയിലൊന്നും തന്നെ മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഏറ്റവും ഒടുവിൽ കിണറ്റിന്റവിട ഉച്ചുമ്മൽ പ്രേമചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
പ്രേമചന്ദ്രനും കുടുംബവും വിദേശത്തായതിനാൽ വീടു പൂട്ടിക്കിടക്കുകയായിരുന്നു.മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ട കാര്യം പരിസരവാസി പ്രേമചന്ദ്രന്റെ ഭാര്യാപിതാവിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്നതായ വിവരം അറിഞ്ഞത്. പരിശോധനയിൽ വീട്ടിൽ സ്ഥാപിച്ച ഒരു ടിവി മാത്രമാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എന്നാൽ ഭീതി ജനിപ്പിക്കും വിധമുള്ള മോഷണശ്രമമാണ് വീട്ടിൽ നടന്നത്.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ടുപൊളിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ അടുക്കള വാതിലിലൂടെ അകത്ത് കടക്കാനായിരുന്നു ശ്രമം. വാതിൽ ആയുധം കൊണ്ട് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.അതിനാൽ നല്ല ഉറപ്പുള്ള മുൻഭാഗത്തെ വാതിൽ കുത്തിതുറക്കുകയായിരുന്നു. അകത്ത് കടന്ന മോഷ്ടാക്കൾ അന്വേഷണത്തെ വഴിമുട്ടിക്കാൻ മുറികൾ മുഴുവൻ മുളക് പൊടി വിതറി.
അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്വർണവും പണവും തിരയുകയായിരുന്നു ഇതിന്റെ പിന്നിലെന്ന് വ്യക്തം. പോലീസിനു പുറമെ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്നലെ പരിശോധനയ്ക്കെത്തിയിരുന്നു.കഴിഞ്ഞ മാസം 20 നായിരുന്നു ഈ വീടിന്റെ തൊട്ടടുത്ത് തന്നെയുള്ള റിട്ട. സുബേദാർ ഹരീഷ് ബാബുവിന്റെ വീട്ടിലും മോഷണം നടന്നത്.
ഈ വീട്ടിലും ആൾതാമസമില്ലെന്ന് മനസിലാക്കിയാണ് മോഷണശ്രമം നടത്തിയത്.വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷ്ടാക്കൾ അകത്ത് കയറിയത്.വില പിടിപ്പുള്ള സാധനങ്ങൾ ഒന്നും ലഭിക്കാതെ വന്നപ്പോൾ ഷോകേയ്സിലെ അലങ്കാര വസ്തുക്കൾ എടുത്ത് സ്ഥലം വിടുകയാണുണ്ടായത്.
സമാനമായ രീതിയിൽ മറ്റൊരു മോഷണ സംഭവം നടന്നത് വെള്ളപ്പന്തൽ അമ്പലംമുക്കിലെ ശശി ശ്രീയിൽ ശശിധരന്റെ വീട്ടിലായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി വാതിൽ തകർത്ത് അകത്ത് കടന്ന് ഇവിടെ നിന്നും ഒരു ടിവിയാണ് മോഷ്ടാവ് കവർന്നത്.ഈ സംഭവങ്ങളിലൊന്നും തന്നെ മോഷ്ടാവിനെ കണ്ടെത്താനായില്ലെന്നു മാത്രമല്ല, മോഷണ സംഭവങ്ങൾ ആവർത്തിക്കുന്നതും ജനങ്ങളിൽ ഭീതി ഉയർത്തിയിരിക്കുകയാണ്.
മുഖ്യമായും സിസിടിവി കാമറകൾ നിരീക്ഷിച്ച് മോഷണസംഘത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.തൊട്ടടുത്തായി തന്നെ വീടുകൾ ഉണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഏറെ സമയം ചിലവഴിച്ച് മോഷണത്തിനായി ശ്രമിക്കുന്നത് പ്രൊഫഷണൽ സംഘം തന്നെയെന്ന് വ്യക്തം.
വലിയ വിലയുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന സമാധാനത്തോടെ പലരും പരാതി നല്കാൻ പോലും മടിക്കുന്നു. മോഷ്ടാക്കളെ പോലീസിന് കണ്ടെത്താൻ സാധിക്കാത്തതും സംഭവം ആവർത്തിക്കുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.