കൊച്ചി: താരസംഘടനയായ “അമ്മ’യിൽനിന്നു രാജിവച്ച നടിമാർ തിരികെവന്നാൽ സ്വീകരിക്കുമെന്നു പ്രസിഡന്റ് മോഹൻലാൽ. മാപ്പു പറയാതെ തന്നെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലായിടത്തും ഉപയോഗിക്കാനുള്ള പദമല്ല മാപ്പ് എന്നുമായിരുന്നു മറുപടി.
കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുതിയ ഓഫീസ് മന്ദിരം നിർമിക്കുന്നതിനെക്കുറിച്ചും നവകേരള ഫണ്ടു ശേഖരിക്കാൻ നടത്തുന്ന ഷോയെക്കുറിച്ചുമാണു പ്രധാനമായും ചർച്ച ചെയ്തത്. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാരസെൽ വേണമെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി അമ്മ വക്താവ് ജഗദീഷ് പറഞ്ഞു.
ഇത്തരമൊരു ആവശ്യമുന്നയിച്ചു ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചതായി അറിഞ്ഞു. അമ്മയുടെ ഭാഗം വിശദീകരിക്കാൻ സംഘടന അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതി പരിഹാരസെൽ രൂപീകരിക്കുന്നതിനു നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു.