സാഗർ (മധ്യപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് റദ്ദാക്കലിനെതിരേ വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പഴയ നോട്ടുകൾ മാറിയെടുക്കാൻ എന്തേ വൻകിട ബിസിനസുകാരെ ബാങ്കുകളിലെ ക്യൂവിൽ കണ്ടില്ലെന്നു രാഹുൽ ചോദിച്ചു. സാഗറിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ സഹോദരൻ എന്ന് സംബോധന ചെയ്യുന്ന മോദിക്ക് അംബാനിയും സഹോദരനാണ്. കർഷകരും സ്ത്രീകളും ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളർ നോട്ട് മാറാൻ ക്യൂ നിന്നു. ഇതൊക്കെ കള്ളപ്പണത്തിനെതിരേയുള്ള പോരാട്ടമെന്നു മോദി വിശേഷിപ്പിച്ചു. എന്നാൽ, കള്ളന്മാരെ ആരും ക്യൂവിൽ കണ്ടതുമില്ല. പിന്നീടു കണ്ടത് കോടിക്കണക്കിനു രൂപയുമായി മെഹുൽ ചോക്സി രാജ്യം വിടുന്നതാണ്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ മകന്റെ പേര് പാനമ പേപ്പറുകളിലുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ലളിത് മോദിയിൽനിന്നു പണം കൈപ്പറ്റിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. പ്രഫഷണൽ എക്സാമിനേഷൻ ബോർഡ് (വ്യാപം) അഴിമതിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹന്റെ പേര് ഉയർന്നുവന്നു. ചൗഹാനെ പുറത്താക്കാനുള്ള ജനകീയ വിചാരണയാണ് തെരഞ്ഞെടുപ്പിലൂടെ നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.