സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെ സമനില ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കു മിന്നും ജയം. നായകൻ വിരാട് കോഹ്ലിയുടെ അർധ സെഞ്ചുറിയും കൃണാൽ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് മറികടന്നത്. ആദ്യ ഓവറുകളിൽ കടന്നാക്രമിച്ച ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. 22 പന്തിൽ 41 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്.
ധവാനെ സ്റ്റാർക്ക് പവലിയൻ കയറ്റിയതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ക്രിസിൽ ഉറച്ചുനിന്ന കോഹ്ലി 41 പന്തിൽ 61 റൺസ് നേടി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. 16 പന്തിൽ 23 റൺസ് നേടിയ രോഹിത്ത് ശർമ കോഹ്ലിക്കും ധവാനും മികച്ച പിന്തുണയാണ് നൽകിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസിനായി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും തകര്‍ത്തടിച്ചെങ്കിലും മികച്ച തുടക്കം മുതലാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. കൃണാൽ പാണ്ഡ്യയുടെ പ്രകടനമാണ് ഓസിസിന് തിരിച്ചടിയായത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി പാണ്ഡ്യ നാല് വിക്കറ്റാണ് വീഴ്ത്തിയത്.
ഇതോടെ ഇന്ത്യ ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിലായി. ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടം മഴമൂലം നഷ്ടപ്പെട്ടിരുന്നു.