സെബിൻ ജോസഫ്
മൂന്നു ദിവസം, പത്തു ഭീകരർ, ഒരു നഗരം, 166 മരണം. സ്വതന്ത്ര ഇന്ത്യ വിറങ്ങലിച്ച ആ ഭയാനക ദിനങ്ങളുടെ ചുരുക്കെഴുത്ത് ഇങ്ങനെ. പത്തു വർഷം മുന്പ് 2008 നവംബർ 26 ആണ് രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തി വാണിജ്യതലസ്ഥാനമായ മുംബൈയിൽ ഭീകരർ സംഹാരതാണ്ഡവമാടിയത്. മുംബൈ നഗരത്തിലെ പ്രശസ്തമായ പല സ്ഥലങ്ങളും ഭീകരരുടെ താവളങ്ങളായി. ആക്രമണ- പ്രത്യാക്രമണങ്ങളിൽ പലതും പൊടിക്കൂന്പാരമായി.
ആ വേദനയിൽനിന്നു രാജ്യം തിരിച്ചെത്തിയെങ്കിലും ഉണങ്ങാത്ത മുറിപ്പാടായി മുംബൈ ഭീകരാക്രമണം ഇപ്പോഴും അവശേഷിക്കുന്നു. ഇനിയൊരു മുംബൈ ആവർത്തിക്കില്ലെന്നുറപ്പിക്കാൻ മിന്നലാക്രമണം വരെ നടത്തി നമ്മുടെ സൈന്യം സുശക്തമെന്നു തെളിയിച്ചു.
ഭീകരർ ഇന്ത്യയിലേക്ക്
2008 നവംബർ 23നാണ് പത്തു ലഷ്കർ ഇ തൊയ്ബ ഭീകരർ അടങ്ങുന്ന സംഘം ഇന്ത്യ ലക്ഷ്യമാക്കി പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നു ബോട്ടിൽ പുറപ്പെട്ടത്. യാത്രാമധ്യേ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത ഭീകരർ മുംബൈ തീരങ്ങളിലെത്തി. വിനോദസഞ്ചാരികളുടെ വേഷത്തിൽ രാജ്യത്തു പ്രവേശിച്ച കഫേ പരേഡിനു സമീപം ഭീകരർ ബധ്വാർ പാർക്കിൽ ആയുധങ്ങൾ ഒളിപ്പിച്ചു. ചെറുസംഘങ്ങളായി പിരിഞ്ഞ് ദക്ഷിണ മുംബൈയിൽ ആക്രമണത്തിനായി പുറപ്പെട്ടു.
കൂട്ടക്കുരുതിയുടെ രാത്രിഛത്രപതി ശിവജി മഹാരാജ് ടെർമിനൽ (സിഎസ്ടി) റെയിൽവേ സ്റ്റേഷൻ, ദ ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, ദ താജ് മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, മസഗോണ്, വേൽ പരേൽ എന്നിവിടങ്ങളിലാണ് ഭീകരാക്രമണമുണ്ടായത്. സെന്റ് സേവ്യഴ്സ് കോളജിനു സമീപത്തുവച്ച് ഭീകരർ പോലീസ് വാഹനം തട്ടിയെടുത്തു.
ശിവജി ടെർമിനൽസിലുണ്ടായ വെടിവയ്പിൽ വിദേശികളുൾപ്പെടെ 58 പേർ മരിക്കുകയും 104 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പോലീസ് പിടിയിലായ ഭീകരൻ അജ്മൽ കസബും അബു ഇസ്മായേലും ചേർന്ന് 15 മിനിറ്റുകൊണ്ടാണ് റെയിൽവേ സ്റ്റേഷൻ ചോരക്കളമാക്കിയത്. ലിയോപോൾഡ് കഫേ ആക്രമണത്തിൽ 11 പേർ മരിക്കുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ട്രൈഡന്റിൽ 30 പേരും താജിൽ 31 പേരും നരിമാൻ ഹൗസിൽ ഏഴു പേരും കൊല്ലപ്പെട്ടു.
പിടിയിലായത് ഒരാൾ
സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ വെടിവയ്പ് നടത്തിയ അജ്മൽ അമീർ കസബ് എന്ന ഭീകരനെ മാത്രമാണു ജീവനോടെ പിടികൂടാനായത്. വിവിധ കുറ്റങ്ങൾ ചുമത്തി പ്രത്യേക കോടതി വിചാരണയ്ക്കുശേഷം 2012 നവംബർ 21 ന് ഇയാളെ തൂക്കിക്കൊന്നു. ടിക്കറ്റ് പോലുമില്ലാതെയാണ് കസബ് സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചത്.
രക്തസാക്ഷികൾ
മുംബൈ പോലീസിലെ മൂന്ന് ഉന്നതോദ്യോഗസ്ഥരെ വെടിവച്ചു വീഴ്ത്തിയ ശേഷമാണ് കസബും കൂട്ടാളിയും സിഎസ്ടിയിൽ എത്തിയത്. ഭീകരവിരുദ്ധ സേനാ തലവൻ ഹേമന്ദ് കർക്കറെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, എസിപി അശോക് കാംതേ എന്നിവരെയാണ് കൊലപ്പെടുത്തിയത്. താജ് ഹോട്ടലിൽ നടന്ന സൈനിക നടപടിക്കിടെ (ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ) മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം എൻഎസ്ജി കമാൻഡോകളും സിഎസ്ടിയിൽ മൂന്നു റെയിൽവേ ജീവനക്കാരും വീരമൃത്യു വരിച്ചു.
ഭീകരാക്രമണത്തിൽ പരിക്കേറ്റു കാമ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സന്ദർശിക്കാൻ പുറപ്പെട്ട കർക്കറെയെയും സംഘത്തെയും വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. അരുണ് ജാധവ് എന്ന പോലീസുകാരൻ മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടു. 2009 ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ് കർക്കറെയ്ക്ക് അശോകചക്രം നൽകി രാജ്യം ആദരിച്ചു.
തുക്കാറാം ഓംബ്ല
കസബിനെ ജീവനോടെ പിടിക്കാൻ കാരണക്കാരനായതു ഗിരിഗാം ചൗപട്ടി സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടറായിരുന്ന തുക്കാറാം ഓംബ്ലയാണ്. സിഎസ്ടിയിൽ വെടിയുതിർത്തിരുന്ന കസബിനെ പിടിച്ചു നിർത്തിയത് ഇദ്ദേഹമായിരുന്നു. വെടിയുണ്ടകൾ ശരീരം തുളഞ്ഞിറങ്ങിയിട്ടും മറ്റു പോലീസുകാരെത്തി കസബിനെ ജീവനോടെ പിടികൂടുംവരെ ഓംബ്ല അള്ളിപ്പിടിത്തം വിട്ടില്ല. ആ ധീരതയ്ക്ക് 2009 നവംബർ 26 ന് രാജ്യം അശോക ചക്രം നൽകി അദ്ദേഹത്തെ ആദരിച്ചു.
സൂത്രധാരൻ
മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയിബയാണെന്നു കസബ് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. പാക്കിസ്ഥാനിലെ മുസാഫർബാദിൽ 18 മാസത്തെ പരിശീലനത്തിനു ശേഷമാണ് കസബും സംഘവും ഇന്ത്യയിലേക്കു പുറപ്പെട്ടത്. പാക്കിസ്ഥാനിലെ അജ്ഞാതകേന്ദ്രത്തിൽനിന്നു ലഭിച്ച നിർദേശമനുസരിച്ചാണ് ഭീകരർ മുംബൈയെ ശവപ്പറന്പാക്കിയത്.
പത്തുവർഷം നീണ്ട നയതന്ത്ര നീക്കത്തിനു ശേഷം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ സഖി ഉൾ റഹ്മാൻ ലഖ്വിയെയും ഹാഫിസ് സയിദീനെയും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കുറ്റക്കാരായി കൊണ്ടുവരാൻ ഇന്ത്യക്കു സാധിച്ചു.
നവംബർ ആക്രമണത്തിനു മുന്പ് സെപ്റ്റംബറിലും ഒക്ടോബറിലും മുംബൈയിൽ ആക്രമണം നടത്താൻ ലഷ്കർ ഇ തൊയ്ബ പദ്ധതിയിട്ടതായി അമേരിക്കയിൽ തടവിൽ കഴിയുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ സന്ദർശിച്ച് ആക്രമണസ്ഥലങ്ങളെക്കുറിച്ചുള്ള വിവരം ഭീകരർക്കു കൈമാറിയത് അമേരിക്കൻ പൗരനായ ഹെഡ്ലിയാണ്.