കായംകുളം: ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ്് മേരീസ് പള്ളിയുടെ പരിസരത്ത് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പള്ളിയുടെ സമീപത്തെ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്നലെ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിൽ പ്രവേശിപ്പിച്ച് പ്രാർഥന നടത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പള്ളിയുടെ പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിരിന്നു. ഡിവൈഎസ്പി അനീഷ് വി. കോരയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് ഇന്നലെ ക്യാന്പ് ചെയ്തത്. രണ്ടു മാസത്തിലേറെയായി പള്ളിയും പരിസരവും പോലീസ് കാവലിലാണ്.
ഇരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളി താത്കാലികമായി പൂട്ടുകയും പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയുമാണ്. കഴിഞ്ഞയാഴ്ച യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതദേഹം സംസ്കരിക്കാൻ വൈദികർ കയറുന്നത് ഓർത്തഡോക്സ് വിഭാഗം എതിർത്തത് വലിയ പ്രശനങ്ങൾക്ക് ഇടനൽകിയിരുന്നു.
പത്ത് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ജില്ലാ ഭരണകൂടം കർശനമായി ഇടപെടുകയും യാക്കോബായ വിഭാഗം വൈദികർക്ക് പള്ളിയിൽ പ്രവേശിപ്പിച്ച് സംസ്ക്കാര ശുശ്രൂഷ നൽകാൻ അനുമതി നൽകുകയുമായിരുന്നു. ജില്ലാ കളക്ടർ നേരിട്ടെത്തി വൻ പോലീസ് സുരക്ഷയിൽ അതിരാവിലെയാണ് അന്ന് സംസ്കാരം നടത്തിയത്.