കൊച്ചി: വീട്ടമ്മയുടെ പേരിൽ നഗ്നദൃശ്യം പ്രചരിപ്പിച്ച സംഭവത്തിന് പിന്നിൽ ആരെന്ന് അന്വേഷിച്ച് പോലീസ്. തൊടുപുഴ കരിങ്കുന്നം സ്വദേശിനിയായ ശേഭയുടേതെന്ന (36) പേരിൽ രണ്ടുവർഷം മുന്പ് പ്രചരിച്ച ചിത്രങ്ങൾ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ദൃശ്യങ്ങൾ തന്റേതല്ലെന്നു ഫോറൻസിക് പരിശോധനയിലൂടെ ശോഭ തെളിയിച്ചിരുന്നു. ദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക്കാണ് സ്ഥിരീകരിച്ചത്.
ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടരവർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശോഭയുടെ വിജയം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി ഫലം കാണാതെ വന്നപ്പോൾ ആറുമാസം മുന്പ് ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ ഇടപെടലാണ് ശോഭയ്ക്ക് നിർണായകമായത്. വിവാഹശേഷം ഭർത്താവിനെ ബിസിനസിൽ സഹായിക്കുകയായിരുന്ന ശോഭയുടെ ജീവിതം മാറിമറിഞ്ഞത് 2016 നവംബറിൽ വാട്സാപ്പിലൂടെ പ്രചരിച്ച ഒരു അശ്ലീല ദൃശ്യത്തോടെയാണ്.
ശോഭയുടേതെന്ന് സൂചിപ്പിച്ച വീഡിയോ പ്രചരിച്ചതോടെ കുടുംബത്തിലും നാട്ടിലും അവർ ഒറ്റപ്പെട്ടു. ഭർതൃവീട്ടിൽ നിന്നും ശോഭയെ പുറത്താക്കുകയും, ഭർത്താവ് വിവാഹമോചന ഹർജി നൽകുകയും ചെയ്തു.തന്റെ നിരപരാധിത്വം തെളിയിക്കാൻ സൈബർ സെല്ലിലാണ് ശോഭ ആദ്യം പരാതി നൽകിയത്. പിന്നീട് ഡിജിപിക്ക് നൽകുകയും അദ്ദേഹം ഇടപെടുകയും ചെയ്തതോടെ ദൃശ്യങ്ങൾ സിഡാക്കിലേക്ക് ഉൾപ്പെടെ പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
സംസ്ഥാന പോലീസിന്റെ ഫോറൻസിക് ലാബിൽ ദൃശ്യങ്ങൾ രണ്ടുതവണ പരിശോധന നടത്തിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം തന്റെ മൂന്നു മക്കളെപോലും കാണാൻ സാധിച്ചിട്ടില്ലെന്നു ശോഭ പറയുന്നു.
മക്കൾ താൻ തെറ്റുകാരിയാണെന്ന് പറയരുതെന്നും അമ്മയുടെ പേരിൽ അവർക്ക് നാളെ അപമാനം ഉണ്ടാവരുതെന്നുമാണ് ശോഭയുടെ ആഗ്രഹം. അതിനായിരുന്നു ഈ പോരാട്ടമെന്ന് ശോഭ പറയുന്നു. ഇതിനുപിന്നിൽ ആരെന്നു കണ്ടെത്താതെ നിയമനടപടികൾ അവസാനിപ്പിക്കില്ലെന്നും പോലീസ് കേസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ശോഭ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് എസിപി കെ.ലാൽജി രാഷ്ട്രദീപികയോടു പറഞ്ഞു.