സ്വന്തം ലേഖകൻ
ചേലക്കര: അച്ഛൻ വലിച്ചെറിഞ്ഞ പിഞ്ചുകുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറെ പങ്ങാരപ്പിള്ളി അള്ളന്നൂർ രാജഗോപാല(40)നാണ് ഒരു വയസുള്ള മകളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശരീരത്തിൽ പരിക്കുകളും തലയിൽ രക്തസ്രാവവും ഉണ്ടായിരുന്നു. തറവാട് സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ തർക്കത്തിനിടെയാണ് ഒരു വയസുള്ള മകളെ രാജഗോപാലൻ റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോയി. രാജഗോപാലിന്റെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ രാത്രിതന്നെ അറസ്റ്റു ചെയ്തു. ഇന്നലെ സഹോദരൻ ദിവാകരന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം സ്വത്ത് ആവശ്യപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഇയാൾ മകളെ വീടിനു മുന്നിലുള്ള റോഡിലേക്കു വലിച്ചെറിഞ്ഞത്.
ജോലിസംബന്ധമായി ബംഗളുരുവിലായിരുന്ന രാജഗോപാലൻ രണ്ടുവർഷം മുന്പാണ് പങ്ങാരപ്പിള്ളിയിലെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.