തലശേരി: സിപിഎം പ്രവര്ത്തകന് എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം സുധീര്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ സ്കൂള്‍ വിദ്യര്ഥികളുള്പ്പെടെ 20 സാക്ഷികളുടെ വിസ്താരം അഡീഷണല്‍ ജില്ലാ ജഡ്ജ് വി.എന്‍ വിജയകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. 30 ന് സുധീര്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ വിസ്തരിക്കും.
സംഭവസമയത്ത് തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കുടുംബ കോടതി ജഡ്ജ് എന്‍.ആര് കൃഷ്ണകുമാര്‍, ഡിവൈഎസ്പി വി.ജി കുഞ്ഞന്‍ എന്നീ സാക്ഷികളുടെ വിസ്താരമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സംഭവസമയത്ത് 164-ാം വകുപ്പ് പ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്തിയത് ജഡ്ജ് എന്‍.ആര് കൃഷ്ണകുമാറായിരുന്നു.
സുധീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി സുധീറിന്റേതല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൊലപാതകം നടന്ന് പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് ഡിഎന്‍എ റിപ്പോര്‍ട്ടിലെ ഗുരതരമായ വീഴ്ച പുറത്തുവന്നത്. വിചാരണ വേളയിലാണ് കേസില്‍ പ്രോസിക്യൂഷനെ ബാധിക്കുന്ന തരത്തില്‍ ഗൗരവമേറിയ അപാകത കണ്ടെത്തിയത്.
കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് കൂടുതല്‍ അന്വാഷണങ്ങള്ക്ക് മുതിരാതെ ഫയലില്‍ വച്ചത് ദുരൂഹഹതയുളവാക്കിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവണ്മെന്റ് പ്ലീഡര്‍ ബി.പി.ശശീന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് ചീഫ് വഴി ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിയെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല.
സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെയാണ് ഗുരുതരമായ വീഴ്ച വന്നത്. സിപിഎം ഭരണത്തിലിരിക്കുകയും കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴുമാണ് സുധീര്‍ കൊല്ലപ്പെടുന്നത്. ഫോറന്‍സിക് ലാബില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് അതേപടി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുകയാണ് അന്വേഷണസംഘം ചെയ്തത്.
ഡിഎന്‍എ ഫലം ലഭിച്ചപ്പോള്‍ അന്വേഷണ സംഘം അത് പരിശോധിക്കുകയും കൊല്ലപ്പെട്ടയാളുടേതല്ലെങ്കില് ആ കൈപ്പത്തി ആരുടേതാണെന്ന് അന്വേഷണം നടത്തുകയും ചെയ്യാതിരുന്നത് സംശയമുളവാക്കിയിരുന്നു. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അന്ന് തന്നെ ഡിഎന്‍എ ഫലവും കുറ്റപത്രത്തോടൊപ്പം വെച്ചിരുന്നു. ഇത്തരത്തിലൊരു സുപ്രധാന വിവരം ലഭിച്ചിട്ടും അത് ഉന്നത ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിക്കുകയോ നടപടി സ്വീകരിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ചെയ്തിരുന്നില്ല. 2007 നവമ്പര്‍ 5 ന് കൊളശേരി കാവുംഭാഗം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം വച്ചാണ് സുധീര്‍ കൊല്ലപ്പെട്ടത്.
സ്കൂൾ വിദ്യര്‍ഥികളുമായി കാറില്‍ വരവെ കാറ് തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം സുധീറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ആര്‍എസഎസ്-ബിജെപി പ്രവര്‍ത്തകരായ നിഥിന് മോഹന്‍, ടി.സാജു, ടി.എം ഷിജില്‍, ജിതേഷ്കുമാര്‍, വിനീഷ് എന്ന കുഞ്ഞുകുട്ടിന്, ദീപ്തേഷ്,ജിതിന്, എന്നിവരാണ് കേസിലെ പ്രതികള്‍.