കൊല്ലം :നാടൻ പാലെന്ന വ്യാജേന ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന പാലിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഉപഭാക്താക്കൾ ജാഗരൂകരായിരിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്.
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന ഡോ.വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യം ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മിൽമ കൊല്ലം ഡയറി സംഘടിപ്പിച്ച ക്ഷീരദിനാഘോഷവും കർഷക ഉപഭോക്തൃ സംവാദവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതികൾ അതിജീവിച്ച് സംസ്ഥാനം വീണ്ടും പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുകയാണെന്നും രമേശ് പറഞ്ഞു. ചടങ്ങിൽ മിൽമ ഡയറക്ടർമാരായ വി.വേണുഗോപാലകുറുപ്പ് , കെ.രാജശേഖരൻ, മാനേജിംഗ് ഡയറക്ടർ കെ.ആർ സുരേഷ് ചന്ദ്രൻ, ഡോ.പ്രതാപവർമ തന്പാൻ, ജി.ഹരിഹരൻ, ഡോ.ആർ.കെ സാമുവൽ എന്നിവർ പ്രസംഗിച്ചു.
മിൽമ ഡയറി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങുന്നതിനും എല്ലാ ഉപഭോക്താക്കൾക്കും ഇന്ന് കൂടി അവസരമുണ്ടായിരിക്കും.