മുക്കം: തെരുവോര കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കി പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. നഗരസഭാ പ്രദേശങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇവര്‍ക്കായി പ്രത്യേക തെരുവു ചന്തകള്‍ നിര്‍മിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഇതു പ്രകാരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനായി നഗരസഭകള്‍ സമര്‍പ്പിച്ച വിശദമായ പദ്ധതി നിര്‍വഹണ രേഖയ്ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല പ്രോജക്ട് സാങ്ങ്ഷനിംഗ് കമ്മിറ്റി അനുമതി നൽകി.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നഗര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ നഗര പ്രദേശങ്ങളിലും തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കി വരികയാണ്.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം തെരുവു കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കി അവരെ പുനരധിവസിപ്പിക്കുന്നതിനായി നഗരസഭകള്‍ പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്കാന് വ്യവസ്ഥയുണ്ട്.
പദ്ധതി പ്രകാരം പ്രത്യേകമായി നിര്‍മിക്കുന്ന തെരുവോര ചന്തയില്‍ കച്ചവടം നടത്തുന്നവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അതത് നഗരസഭകള്‍ മുഖേന ലഭ്യമാക്കും. ജലം, വൈദ്യുതി, പൊതുവായ സംഭരണ കേന്ദ്രങ്ങള്‍ , സാധനങ്ങള്‍ സൂക്ഷിക്കാനുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍ , പ്രത്യേക തരം ഉന്തുവണ്ടികള്‍ , ഖര ദ്രവ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും മലിനജലം ഒഴുക്കി വിടാനുമുള്ള ഫലപ്രദമായ സജീകരണങ്ങള്‍ , വൈദ്യുത-സൗരോര്‍ജ വിളക്കുകള്‍ , ശുചിമുറികള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടാകും. നഗരത്തിലെ തെരുവോര കച്ചവട മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇതുപ്രകാരം പദ്ധതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയിലെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.
ഇവിടെ പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിച്ച് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു വഴി ഇരുനൂറോളം പേര്‍ക്ക് തൊഴില്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുളള അവസരമൊരുങ്ങും. തെരുവോര കച്ചവടം നടത്തുന്നതു വഴി നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുകയെന്നതും പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യമാണ്.
പ്രത്യേക തെരുവോര ചന്തകള്‍ രൂപീകരിക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നഗരസഭകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ അംഗീകാരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.നഗരസഭകള്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് കുടുംബശ്രീ അനുമതിയും ധനസഹായവും നല്‍കും.
തെരുവു കച്ചവടക്കാരുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് തൊഴില്വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍ , മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിംഗ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്കി കഴിഞ്ഞു.