ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. പഠനവിഷയങ്ങളും സ്കൂൾ ബാഗിന്റെ ഭാരവും നിജപ്പെടുത്തി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പാണ് സർക്കുലർ ഇറക്കിയത്.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും കുട്ടികളെ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാൽ മതി. ഈ രണ്ടു ക്ലാസുകളിലെയും കുട്ടികൾക്ക് ഗൃഹപാഠങ്ങൾ നൽകരുത്. മൂന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി ശാസ്ത്രവും കണക്കും ഭാഷയും മതിയെന്നാണു നിർദേശം.
പുസ്തകം, ഭക്ഷണം, വെള്ളം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അധിക പുസ്തകങ്ങളും പഠനോപകരണങ്ങളും കൊണ്ടുവരാൻ കുട്ടികളോട് ആവശ്യപ്പെടരുത്. മാർഗനിർദേശങ്ങൾ ഉടൻ നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ ബാഗിന്റെ ഭാരം കിലോഗ്രാമിൽ ക്ലാസ് ഭാരം
ഒന്ന്, രണ്ട് 1.5
മൂന്ന്, അഞ്ച് 3
ആറ്, ഏഴ് 4
എട്ട്, ഒന്പത് 4.5
പത്ത് 5