മഞ്ചേരി: ഫാൻസി കടയിൽ കമ്മൽ വാങ്ങാൻ എത്തിയ സ്കൂൾ വിദ്യർഥിനിയെ കയറിപിടിച്ച് ലൈംഗികാതിക്രമം കാണിച്ചതിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കാരകുന്ന് ചെറുപള്ളിക്കൽ സ്വദേശി അബ്ദുൾ അസീസ് (40)നെയാണ് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തെ ഫാൻസി കടയിലാണ് സംഭവം.
പഠനോപകരണങ്ങൾ വാങ്ങൂന്നതിനായി കടയിലെത്തിയ 14 കാരിയെ ജിവനക്കാരനായ പ്രതി പീഡനത്തിന് ശ്രമിക്കുകയായിരുന്നു. ഭയന്നു നിലവിളിച്ച് കുട്ടി ക്ലാസിലേക്ക് ഓടിയതോടെ സഹവിദ്യാർഥികൾ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ പരാതിയിൽ മഞ്ചേരി സിഐ എൻ.ബി.ഷൈജു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റൊരു പേരിൽ പ്രവർത്തിച്ചിരുന്ന ഈ ഫാൻസി ഷോപ്പിൽ മുൻപും സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സ്കൂളിലെ അധ്യാപകർ പറഞ്ഞു. വിദ്യാർഥികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ അധ്യാപകർ കടയിലെ ജീവനക്കാർക്ക് വിദ്യാർഥികളോട് മാന്യമായി പെരുമാറണമെന്ന നിർദശവും നൽകിയിരുന്നു.