സ്വന്തം ലേഖകൻ
തൃശൂർ: വൃശ്ചികം വിരുന്നെത്തും മുൻപേ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റുകളും ഓഡിയോ-വീഡിയോ സിഡികളും കേരളത്തിലെ കാസറ്റു കടകളിൽ നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിൽ അയ്യപ്പഭക്തിഗാന വിപണിയിൽ പുതിയ ഗാനങ്ങളെത്തുന്നത് പേരിനു മാത്രം. പല പ്രമുഖ കന്പനികളും അയ്യപ്പഭക്തിഗാനങ്ങൾ വിപണിയിലിറക്കിയിരുന്നുവെങ്കിലും ഡിമാന്റ് കുറഞ്ഞതോടെ ഇവരെല്ലാം പിൻമാറിയിരിക്കുകയാണ്.
ശബരിമല വിവാദം ആളിക്കത്തുന്പോൾ അയ്യപ്പഭക്തഗാനവിപണിയിൽ കച്ചവടം മന്ദഗതിയിലാണ്. യേശുദാസിന്റെയും എം.ജി.ശ്രീകുമാറിന്റെയും രണ്ടു പുതിയ സിഡികൾ ഇത്തവണ വിപണിയിലെത്തിയിട്ടുണ്ടെന്ന് തൃശൂരിലെ മ്യൂസിക് ഷോപ്പുകാർ പറഞ്ഞു.
മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കന്പനികൾ പലരും അയ്യപ്പഭക്തിഗാനങ്ങൾ വിപണിയിലിറക്കാതെയായത്.
ഇടക്കാലത്ത് കേരളത്തിലെ കാസറ്റ്-സിഡി വിപണിയിൽ മണ്ഡലകാലം അയ്യപ്പഭക്തിഗാനങ്ങളിറക്കുന്നവരുടെ കൊയ്ത്തുകാലമായിരുന്നു. ചെറുതും വലുതുമായ നിരവധി കന്പനികൾ കാസറ്റുകളിറിക്കിയിരുന്നു. നിരവധി ഗായകർക്കും ഗാനരചിയിതാക്കൾക്കും സംഗീതസംവിധായകർക്കും ഇതുവഴി അവസരങ്ങൾ ലഭിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരായിരുന്നു കാസറ്റുകളുടെ പ്രധാന ഉപഭോക്താക്കൾ.
എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കച്ചവടം കുത്തനെ കുറയുകയും മുടക്കുമുതൽ പോലും കിട്ടാത്ത സ്ഥിതി വരികയും ചെയ്തതോടെ കന്പനികളെല്ലാം പിൻവാങ്ങുകയായിരുന്നുവെന്ന് മ്യൂസിക് ഷോപ്പുകാർ പറയുന്നു.സിനിമാഗാനങ്ങൾ പോലും വിപണിയിലിറക്കാൻ കന്പനികൾ മടിക്കുന്ന ഇക്കാലത്ത് ഭക്തിഗാനങ്ങൾ പുറത്തിറക്കാൻ ആരും താത്പര്യമെടുക്കുന്നില്ലത്രെ.
പ്രമുഖ ഗായകരുടെ മ്യൂസിക് ആൽബങ്ങൾക്ക് ഡിമാന്റുള്ളതിനാൽ അവർ പാടിയ അയ്യപ്പഭക്തിഗാനങ്ങൾ രണ്ടോ മൂന്നോയെണ്ണം ഇറങ്ങുന്നുണ്ടെന്ന് മാത്രം. നേരത്തെ 60 മുതൽ 70 വരെ ആൽബങ്ങൾ വിവിധയിടങ്ങളിൽ നിന്നായി ഇറങ്ങിയിരുന്നിടത്താണ് രണ്ടോ മൂന്നോ കാസറ്റുകളായി അയ്യപ്പഭക്തിഗാനങ്ങൾ ചുരുങ്ങിയത്.
കയ്യിൽ നിന്ന് കാശുമുടക്കി പാട്ടുകേൾക്കാൻ ആളുകൾ മടികാണിക്കുന്നു. ഡൗണ്ലോഡിംഗാണ് എവിടെയും നടക്കുന്നത്. വാഹനങ്ങളിലെല്ലാം പെൻഡ്രൈവുകളാണ്. സിഡിയൊന്നും ആർക്കും വേണ്ട. മുടക്കിയ കാശുപോലും തിരിച്ചുകിട്ടുന്നില്ല. ലാഭമൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. അപ്പോൾ പിന്നെ കാശിറക്കി കാസറ്റിറക്കി നഷ്ടക്കച്ചവടം വരുത്താൻ താത്പര്യമില്ല. അതുകൊണ്ടാണ് ഇപ്പോൾ ഇത്തരം പാട്ടുകളുടെ കാസറ്റുകൾ ഇറക്കാത്തത്. ഭക്തിഗാനങ്ങൾ മാത്രമല്ല ഓഡിയോ ഇൻഡസ്ട്രി തന്നെ നഷ്ടത്തിലാണ് – ഒരുകാലത്ത് നിരവധി അയ്യപ്പഭക്തിഗാനങ്ങൾ പുറത്തിറക്കിയ തൃശൂരിലെ പ്രമുഖ കാസറ്റ് കന്പനിക്കാർ പറഞ്ഞു.
ഓഡിയോ വിപണി കഠിനമെന്റയ്യപ്പാ എന്ന് കാസറ്റ് കന്പനിക്കാരും മ്യൂസിക് ഷോപ്പുകാരും പറയുന്പോഴും പഴയകാല അയ്യപ്പഗാനങ്ങൾ കോപ്പി ചെയ്തും ഡൗണ്ലോഡ് ചെയ്തും ഷെയർ ചെയ്തും ഇന്റർനെറ്റിൽ സെർച്ച് ചെയ്തുമെല്ലാം പഴയകാല ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.