വാഷിംഗ്ടൺ/ലണ്ടൻ: വീണ്ടും വ്യാപാരയുദ്ധ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈയാഴ്ച അവസാനം നടക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ്-ചൈന ധാരണ ഉണ്ടാകുമെന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന പ്രസ്താവന ട്രംപിൽനിന്നുണ്ടായി.
ചൈനയിൽനിന്നുള്ള 26,700 കോടി ഡോളറിന്റെ ഇറക്കുമതിക്കു ജനുവരിയോടെ ചുങ്കം വർധിപ്പിക്കും എന്നാണു ട്രംപ് പറഞ്ഞത്. പിഴച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കുമെന്നു വോൾ സ്ട്രീറ്റ് ജേർണലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയിൽ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും വ്യാപാര വിഷയത്തിൽ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. ചൈനീസ് വിദേശമന്ത്രാലയം ആ പ്രതീക്ഷ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ പ്രതികരണം അപ്രതീക്ഷിതമായി.കന്പോളങ്ങൾ ഇതേത്തുടർന്നു ക്ഷീണത്തിലായി. ലോഹങ്ങൾക്കും ലോഹക്കന്പനികൾക്കും വില താണു. ചൈനയിൽ ഫാക്ടറികളുള്ള ആപ്പിളിന്റെ ഓഹരികളും ഇടിഞ്ഞു.
അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരീസിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ജി20 ഉച്ചകോടി. ഇന്ത്യ അടക്കം 20 പ്രമുഖ സാന്പത്തികശക്തികളാണു ജി-20യിലുള്ളത്.ചൈനയിൽനിന്നുള്ള അമേരിക്കൻ ഇറക്കുമതി ചൈനയിലേക്കുള്ള കയറ്റുമതിയേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം 37,500 കോടി ഡോളറായിരുന്നു ചൈനയുടെ വ്യാപാരമിച്ചം. ഇതനുവദിക്കാനാകില്ലെന്നാണു ട്രംപിന്റെ നിലപാട്.
ധാരണയുണ്ടാക്കാൻ നടത്തുന്ന ചർച്ച വേണ്ടത്ര മുന്നോട്ടുപോയില്ലെന്നാണു ട്രംപിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ചൈനയെ തന്റെ വരുതിക്കു കൊണ്ടുവരാനുള്ള തന്ത്രമായും പുതിയ പ്രസ്താവന വിലയിരുത്തപ്പെടുന്നുണ്ട്.