സ്വന്തം ലേഖകന്‍
ആണ്ടൂര്‍: അപ്പോള്‍ ആ യുവാവ് മരണത്തോട് മല്ലടിക്കുകയായിരുന്നു. ആണ്ടൂരില്‍ അപടകത്തില്‍പ്പെട്ട ഓട്ടോഡ്രൈവറായ പാളയം പടിഞ്ഞാറ്റിന്‍കര പനയ്ക്കച്ചാലില്‍ ടോം ജോസിന്റെ (ബിജു 47) കഴുത്തിലെ മാല പറിക്കാന്‍ മനുഷ്യത്വമില്ലാത്തയാളുടെ ശ്രമം. ഓട്ടോ ടിപ്പര്‍ ലോറിയിലിടിച്ച് ജീവനായി പിടയുന്ന മനുഷ്യന്റെ മുഖത്തെ ദൈന്യത കാണാനുള്ള ഹൃദയവിശാലതയില്ലാത്ത കാപാലികന് എന്നല്ലാതെ മോഷണശ്രമം നടത്തിയയാളിനെ അവിടെ ഓടിക്കൂടിയവര്‍ക്കു വിശേഷിപ്പിക്കാനാകുമായിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നാടിനെ നടുക്കിയ അപകടം.
കോഴ – പാലാ റൂട്ടില്‍ കോഴിക്കൊമ്പ് എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു മുന്നില്‍വച്ചാണ് ബിജു ഓടിച്ച ഓട്ടോ എതിരേ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. വലിയ ശബ്ദം കേട്ട് നാട്ടുകാരും ആ വഴി പോയവരും ഓടിയെത്തി. എന്നാല്‍, ബൈക്കില്‍ വന്ന ഒരു യുവാവ് ബിജുവിനെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനു പകരം കഴുത്തിലെ മാല പൊട്ടിക്കാനാണ്തുനിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാല്‍, നിരവധി ആള്ക്കാര് ഓടിയെത്തിയതിനാല്‍ യുവാവ് ബൈക്കിൽ രക്ഷപ്പെടുകയാണുണ്ടായത്. മാലയിൽ നിറയെ രക്തമായിരുന്നു അപ്പോൾ. ഇയാൾ ആരാണെന്ന് അറിയില്ലെന്ന് സംഭവസ്ഥലത്ത് കൂടിയവർ പറഞ്ഞു. തവിടുപൊടിയായ ഓട്ടോയ്ക്കുള്ളില്‍നിന്ന് വളരെ ബദ്ധപ്പെട്ടാണ് ബിജുവിനെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബിജുവിന്റെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബിജു മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഓട്ടോയുടെ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത മതിലിനോടു ചേര്‍ത്ത് ടോറസ് നിര്‍ത്തിയെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായരുന്ന ബിജുവിന്റെ മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
രാവിലെ ആണ്ടൂര്‍ പ്രദേശത്തെ മിക്ക വീടുകളിലും പാല് എത്തിച്ചുകൊടുത്തിരുന്നത് ബിജുവായിരുന്നു. കോഴിക്കൊമ്പ് സൊസൈറ്റിയിലെ പാല് വിതരണക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നുരാവിലെ കോഴിക്കൊമ്പിലെ ഓട്ടോ സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചു. നിരവധി ആള്‍ക്കാരാണ് അന്തിമോപചാരമര്‍പ്പിച്ചത്.
തുടര്‍ന്ന് വിലാപയാത്രയായി ബിജുവിന്റെ വസതിയിലെത്തിച്ചു. അവിടെയും നിരവധി പേര് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്് 4ന് പാളയം സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ ബിന്ദു (ചാവറ സ്കൂള്‍ സ്റ്റാഫ്), രാമപുരം വടക്കേകുരീക്കാട്ട് കുടുംബാംഗം. മക്കള്‍: ജിബിന്‍ പി. ടോം (വൈദിക വിദ്യാര്‍ഥി), ജറിന് പി ടോം. മാതാവ് -ചിന്നമ്മ.