മമ്മൂട്ടിയെന്ന നടന്റെ, മനുഷ്യന്റെ നന്മയെ പുകഴ്ത്തുകയാണ് നടനും നിര്‍മാതാവുമായി പി. ശ്രീകുമാര്‍. ഒരിക്കല്‍ മമ്മൂട്ടിയുമായി താന്‍ ഉടക്കിയതും പിന്നീട് അതേ മമ്മൂട്ടി തനിക്ക് സഹോദരതുല്യനായ കഥയും സഫാരി ടിവിയുടെ ഒരു പരിപാടിയിലാണ് അദേഹം വെളിപ്പെടുത്തിയത്. ശ്രീകുമാര്‍ പറയുന്നതിങ്ങനെ- കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ അരികില്‍ ഒരിക്കല്‍ ശ്രീകുമാറും തോപ്പില്‍ ഭാസിയും ചെന്നു.
നല്ല തിരക്കുള്ള സമയമായിരുന്നു. കഥ പറഞ്ഞു, ഡേറ്റ് 6 മാസത്തേക്ക് മതിയെന്ന് പറഞ്ഞു. സമയമില്ല, തിരക്കാണ് മറ്റാരെ കൊണ്ടെങ്കിലും ചെയ്യിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ‘അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ’യെന്നും മമ്മൂട്ടി ചോദിച്ചു. മറ്റുള്ളവരുടെ മുന്നില്‍ ഇളിഭ്യനായ ശ്രീകുമാര്‍ അതേകാര്യങ്ങള്‍ തന്നെ അങ്ങോട്ടും തിരിച്ചടിച്ചു. അന്ന് അവിടെ നിന്നും ഇരുവരും പിണങ്ങി ഇറങ്ങി.
ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു. എന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്’. പി. ശ്രീകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സായി കുമാര്‍, ജഗതി ശ്രീകുമാര്‍, ശോഭന, രഞ്ജിത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച വിഷ്ണു എന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ വെച്ചാണ് ഇരുവരുടെയും പിണക്കം ശരിക്കും മാറിയത്.
‘മനുഷ്വത്യം മാത്രം ഉള്ളില്‍ വെച്ച് മലയാള സിനിമയില്‍ ഉള്ള ഒരാളാണ് മമ്മൂട്ടി. പക്ഷേ അയാളെ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അഹങ്കാരി ആണെന്നൊക്കെ പറയും. പക്ഷേ അതൊന്നുമല്ല. മമ്മൂട്ടി ഒരു കൈകൊണ്ട് ദാനം ചെയ്യുന്നത് മറുകൈ അറിയാറില്ല.’ – ശ്രീകുമാര്‍ പറഞ്ഞവസാനിപ്പിച്ചു.
ആ മമ്മൂട്ടിയാണ് മലയാള സിനിമയില്‍ നിര്‍മ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായ എന്നെ, കാര്‍ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റില്‍ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്‌നേഹിയാണ് മമ്മൂട്ടി- ശ്രീകുമാര്‍ പറയുന്നു.