പത്തനംതിട്ട: കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടത്തിന്റെയും പ്രളയദുരിതബാധിതര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഗൃഹോപകരണ ഡിസ്കൗണ്ട് മേളയുടെയും ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ പി.കെ. ശ്രീമതി എംപി നിര്‍വഹിക്കും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയാകും.
ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷല്‍ ട്രേഡ് ഫെയറും കുടുംബശ്രീ ഭക്ഷ്യമേളയും ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ നടക്കും. കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കിയ കറിപ്പൊടികൾ, ധാന്യപ്പൊടികള്‍, തേന്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍, ജൈവ പച്ചക്കറികള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഇതോടനുബന്ധിച്ച് നടക്കും.
സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഗോത്രകലാമേളകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.എസ്. സീമ പത്രസമ്മേളനത്തിൽ പറഞ്ഞു . കാലാകാലങ്ങളായി ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍ണയം നടത്തുക, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അറിവ് പകരുക, സാമൂഹിക അവബോധം വര്‍ധിപ്പിക്കുക, സാമൂഹിക വികസന പ്രക്രിയ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയ തുടങ്ങിയ സ്വയംപഠന പ്രക്രിയയാണ് കുടുംബശ്രീ സ്കൂള്‍.
സംസ്ഥാനത്തെ 43ലക്ഷം സ്ത്രീകളെ ഒരേസമയം അണിനിരത്തി നടത്തുന്ന പഠനപ്രക്രിയയില്‍ ഓരോ അയല്‍ക്കൂട്ട അംഗങ്ങളെയും പങ്കാളികളാക്കി അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനൊപ്പം യുവതലമുറയെ സുരക്ഷിതരായി വളര്‍ത്തി സാമൂഹിക വികസനത്തിന്റെ ഭാഗമാക്കുന്നതിനും കുടുംബശ്രീ സ്കൂള്‍ ലക്ഷ്യമിടുന്നു. ജില്ലയിലെ 1.5 ലക്ഷം വനിതകള്‍ കുടുംബശ്രീ സ്കൂളില്‍ പങ്കാളികളാകും.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റീസര്‍ജന്റ് കേരള ലോണ്‍ സ്കീം പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീവഴിയാണ്. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് 40 – 5 0 ശതമാനം വരെ ഡിസ്കൗണ്ടില്‍ വിവിധ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാകും.
അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ജെ. മണികണ്ഠൻ, കെ.എച്ച്. സലീന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.